കോട്ടയം : സ്ഥിരം അപകട വേദിയും അപകട മുനമ്പുമായി മാറിയ നാലുവരിപ്പാതയിൽ തല തിരിഞ്ഞ് സിഗ്നൽ ലൈറ്റ്. നാലു വരിപ്പാതയിൽ മണിപ്പുഴ ജംഗ്ഷനിലാണ് വാഹന യാത്രക്കാരുടെ കാഴ്ച മറച്ച് സിഗ്നൽ ലൈറ്റ് ചരിഞ്ഞ് നിൽക്കുന്നത്. നാട്ടകം ഗസ്റ്റ് ഹൗസ് റോഡിൽ നിന്നും എം സി റോഡിലേയ്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് സിഗ്നൽ കാട്ടുന്ന പോസ്റ്റാണ് ഒരു വശത്തേയ്ക്ക് ചരിഞ്ഞ് നിൽക്കുന്നത്. മാസങ്ങൾക്ക് മുൻപ് രാത്രിയിൽ വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് പോസ്റ്റ് ഒരു വശത്തേയ്ക്ക് ചരിഞ്ഞത്. ഇതോടെ നാട്ടകം ഗസ്റ്റ് ഹൗസ് റോഡിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് പോസ്റ്റിൽ തെളിയുന്ന സിഗ്നലുകൾ ഏതെന്ന് കാണാനാവാത്ത സ്ഥിതിയായി. ഈ സിഗ്നൽ ഏതെന്ന് അറിയാതെ മുന്നോട്ട് എടുക്കുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവ് കാഴ്ചയാണ്. പോസ്റ്റിൽ തെളിയുന്ന സിഗ്നലുകൾ ഊഹിച്ചെടുത്ത വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ അപകടമുണ്ടാകുന്നതായാണ് നാട്ടുകാരുടെ പരാതി. നിരന്തരം അപകട വേദിയായിരുന്നു കോടിമത നാലുവരിപ്പാത. ഇവിടെയാണ് ഇത്തരത്തിൽ അലക്ഷ്യമായി സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.