കോട്ടയം : കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നാദസ്വര വിദ്വാൻ മരുത്തോർവട്ടം ബാബുവിന്. ദേവസ്വം ബോർഡിൽ വിവിധ ക്ഷേത്രങ്ങളിൽ നാദസ്വര കലാകാരനായി ജോലി ചെയ്തിട്ടുണ്ട്. നാദസ്വര വിദ്വാനും കഥകളി സംഗീതജ്ഞനുമായ തൃച്ചാറ്റുകുളം മണിയുടെയും മരുത്തൂർവട്ടം മാതംവേലി കുടുംബത്തിലെ ഭാനുമതിയുടെയും മകനായി 1963 ലാണ് ജനനം. ചേർത്തല , ആലപ്പുഴ , കൊല്ലം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 13 ആം വയസിൽ പിതാവിൻ്റെ ശിഷ്യണത്തിൽ അരങ്ങേറി. തുടർന്ന് തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസം നേടി. തിരികെ എത്തിയ ശേഷം വൈക്കം ഗോപാലകൃഷ്ണ പണിക്കർക്ക് ഒപ്പം വിദ്യ അഭ്യസിക്കാനും പരിപാടി അവതരിപ്പിക്കാനും സാധിച്ചു. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലാണ് ആദ്യമായി ജോലിക്ക് പ്രവേശിക്കുന്നത്. തുടർന്ന് വടവാതൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും 2019 ൽ സർവീസിൽ നിന്നും വിരമിച്ചു. നിലവിൽ കുമാരനെല്ലൂർ ദേവി ക്ഷേത്രത്തിൽ നാദസ്വര വിദ്വാനായി പ്രവർത്തിക്കുകയാണ്. ഇതുകൂടാതെ വിവിധ ക്ഷേത്രങ്ങളിലും പരിപാടികളിലും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും അടക്കം നാദസ്വര പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പുരസ്കാരവും , നാദലയ ജ്യോതി പുരസ്കാരവും , തൃച്ചാറ്റ് കുളത്ത് നിന്ന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ : പ്രസന്നകുമാരി. മക്കൾ : അനന്ത കൃഷ്ണൻ , അജ കൃഷ്ണൻ.