കോട്ടയം : വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഉജ്ജ്വല ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടന്നു. കളക്ട്രേറ്റ് പരിസരത്ത് നിന്ന് ആയിരക്കണക്കിന് ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടന്ന പ്രകടനം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് ധര്‍ണ്ണയോടു കൂടി സമാപിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനിൽകുമാര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് ഷീന ബി നായര്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ ഉയര്‍ത്തിപ്പിടിക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പങ്കാളിത്തപെന്‍ഷന്‍ പുനപരിശോധനാസമിതി റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക, ജനോന്മുഖ സിവില്‍ സര്‍വീസിനായി അണിനിരക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങള്‍ പൊളിച്ചെഴുതുക, വര്‍ഗ്ഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.