കോട്ടയം: ദുരന്തത്തിൽ മുങ്ങിയ വയനാടിന് കൈത്താങ്ങുമായി പാലായിൽ നിന്നും ഒരു കർഷകൻ. പാലാ ഈരാറ്റുപേട്ട ഭരണങ്ങാനം സ്വദേശിയായ ഡേവിസാണ് വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങുമായി രംഗത്ത് എത്തിയത്. വീട് നഷ്ടപ്പെട്ട നാലു പേർക്ക് നാല് സെന്റ് സ്ഥലം വീതം നൽകാൻ തയ്യാറായാണ് ഇദ്ദേഹം രംഗത്ത് എത്തിയത്. തന്റെ സ്വന്തം പേരിലുള്ള ഭൂമിയിൽ നിന്നാണ് ഇദ്ദേഹം നാലു സെന്റ് വീതം വിട്ടു നൽകാൻ തയ്യാറായിരിക്കുന്നത്. ദുരന്തം ഉണ്ടായതായി അറിഞ്ഞപ്പോൾ മുതൽ തന്നൈ സാമൂഹിക പ്രവർത്തകനായ ഇദ്ദേഹം എന്തെങ്കിലും സഹായം ദുരന്തബാധിതർക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതോടെയാണ് ഭാര്യയോടും രണ്ട് മക്കളോടും ആലോചിച്ച ശേഷം ഇദ്ദേഹം വീട് നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകാമെന്ന് അറിയിച്ചത്. പാലാ അടുത്ത് വള്ളിച്ചിറയിലുള്ള ഇദ്ദേഹത്തിന്റെ സ്ഥലമാണ് ഇത്തരത്തിൽ വയനാട്ടിലെ ദുരന്തബാധിതർക്കായി വിട്ടു നൽകുന്നത്. കർഷകമായ ഡേവിസ് ഭരണങ്ങാനം പള്ളിയുടെ കമ്മിറ്റി അംഗമാണ്. സാമൂഹിക സേവന രംഗത്ത് സജീവമാണ് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാത്ത ഡേവിസ്.