സോൾ: ഉത്തര കൊറിയന്‍ ഭരണാധികാരി കിമ്മിന്റെ വിരട്ടലുകള്‍ക്കിടെ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി സൈനിക പരേഡുമായി ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയുടെ സേനാ ദിനത്തോട് അനുബന്ധിച്ചായിരുന്നു പരേഡ് നടന്നത്. 6700 ഓളം സേനാംഗങ്ങളാണ് പരേഡിന്റെ ഭാഗമായത്. സിയോളിന് മധ്യത്തിലൂടെ നടന്ന സേനാ പരേഡിന് കാഴ്ചക്കാരായി ദക്ഷിണ കൊറിയയുടെ പതാകകളുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവില്‍ നിരന്നത്.
340 സേനാ ആയുധങ്ങളാണ് പരേഡില്‍ ദക്ഷിണ കൊറിയ അവതരിപ്പിച്ചത്. ടാങ്കുകളും മിസൈലുകളും കടലില്‍ ഉപയോഗിക്കുന്ന തരം ഡ്രോണുകളു അടക്കമുള്ളവ സേനാ പരേഡില്‍ അണി നിരന്നു. അമേരിക്കന്‍ നിര്‍മ്മിതമായ എഫ് 35 സ്റ്റെല്‍ത്ത് ഫൈറ്റേഴ്സ് പരേഡില്‍ അണി നിരക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം വിന്യാസം ഉപേക്ഷിക്കുകയായിരുന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യിഓള്‍ പ്രത്യേകം തയ്യാറാക്കിയ പ്ലാറ്റ്ഫോമില്‍ നിന്നാണ് പരേഡ് വീക്ഷിച്ചത്. അമേരിക്കയുമായുള്ള അടിയുറച്ച ബന്ധം വ്യക്തമാക്കുന്ന രീതിയില്‍ 300 യുഎസ് സേനാംഗങ്ങളും പരേഡില്‍ അണിനിരന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്തര്‍ദേശീയ തലങ്ങളിലെ അനുമതി കൂടാതെ ഉത്തര കൊറിയ നിരവധി ആയുധപരീക്ഷണമാണ് ഈ വര്‍ഷം നടത്തിയത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ അടക്കമാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. ഈ വര്‍ഷം മാത്രം 3 സൈനിക പരേഡുകള്‍ നടത്തി ഉത്തര കൊറിയ സൈനിക ശക്തി വിശദമാക്കുമ്ബോഴാണ് പത്ത് വര്‍ഷത്തിനിടയിലെ സൈനിക പരേഡുമായി ദക്ഷിണ കൊറിയ എത്തുന്നത്.
യുഎസ് ഐക്യത്തോടെ ശക്തമായ സൈനിക അഭ്യാസം ഉത്തരകൊറിയയ്ക്കുള്ള മുന്നറിയിപ്പായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഉത്തര കൊറിയ നടത്തുന്ന സൈനിക പരേഡ് സാധാരണമായ ഒന്നെന്ന നിലയാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ ഏറെക്കാലത്തിന് ശേഷം ദക്ഷിണ കൊറിയ നടത്തിയ സൈനിക പരേഡിനെ ഏറെ ശ്രദ്ധയോടെയാണ് മറ്റ് രാജ്യങ്ങള്‍ നിരീക്ഷിക്കുന്നത്.