കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന അടുക്കളത്തോട്ട വ്യാപന പദ്ധതിയ്ക്ക് തുടക്കമായി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈ നല്‍കിക്കൊണ്ട് ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ ലൈല ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സ്വാശ്രയസംഘങ്ങളിലൂടെ സ്വഭവനങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായി പാവല്‍, പടവലം, തക്കളി, വെണ്ട, കുറ്റിപ്പയര്‍, വള്ളി പയര്‍, വഴുതന, പച്ചമുളക്, മത്തങ്ങ, ചീര എന്നീ പത്തിനം വിത്തുകളാണ് ലഭ്യമാക്കിയത്. പദ്ധതിയുടെ ഭാഗമായി വരും ദിനങ്ങളില്‍ കൂടുതല്‍ കുടുംബങ്ങളിലേയ്ക്ക് പച്ചക്കറി വിത്തുകള്‍ ലഭ്യമാക്കുമെന്ന് കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.