കോട്ടയം: കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ കള്ളനാക്കുകയാണ് കോട്ടയം നഗരസഭ. കോട്ടയം നഗരത്തിലെ ഇടവഴികളിലും ഈരയിൽക്കടവിലും അടക്കം കക്കൂസ് മാലിന്യം തള്ളിയ വാഹനങ്ങളെ കണ്ടെത്താനാവാതെ വന്നതോടെ കോട്ടയം നഗരസഭ ലൈസൻസും കൃത്യമായ രേഖകളുമുള്ള വാഹനങ്ങളെ പിടിച്ചെടുത്ത് കേസെടുത്തു. ലൈസൻസും പാസും അടക്കം കാട്ടിയിട്ടും നഗരസഭ സെക്രട്ടറിയും വാഹനം പിടിച്ചെടുത്ത ഹെൽത്ത് ഇൻസ്പെക്ടറും ഇത് വിട്ടു കൊടുക്കാൻ തയ്യാറായില്ല. വാഹനം കോട്ടയം നഗരമധ്യത്തിൽ നിന്നും പിടികൂടുന്ന ചിത്രം അടക്കം ജാഗ്രത ന്യൂസിന് ലഭിച്ചു. കോട്ടയം നഗരത്തിലോ, ജില്ലയിലോ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനു കേന്ദ്രമില്ലാത്തപ്പോഴാണ് ഇത്തരത്തിൽ നഗരസഭയുടെ പ്രതികാര നടപടി. കൃത്യമായി പണം ലഭിക്കുന്ന ടാങ്കറുകൾക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്ന ചില ഉദ്യോഗസ്ഥരാണ് കേസ് എണ്ണം തികയ്ക്കാൻ പാസും ലൈസൻസുമുള്ള വാഹനങ്ങളെ പിടികൂടുന്നതെന്നാണ് ഉയരുന്ന ആരോപണം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കോട്ടയം നഗരമധ്യത്തിൽ നിന്നും സെപ്റ്റിക് ടാങ്ക് മാലിന്യവുമായി എത്തിയ വാഹനം പിടികൂടിയത്. കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഭാഗത്ത് വച്ച് പിൻതുടർന്ന് എത്തിയ നഗരസഭ ആരോഗ്യകാര്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി പ്രസാദിന്റെ നേതൃത്വത്തിൽ വാഹനം പിടികൂടിയത്. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിൽ ഭക്ഷണം കഴിക്കാനായി വാഹനം നിർത്തിയപ്പോഴായിരുന്നു നഗരസഭ അധികൃതരുടെ പരിശോധന. തുടർന്നാണ് വാഹനം പിടിച്ചെടുക്കുകയും നഗരസഭ ഓഫിസിലേയ്ക്കു മാറ്റുകയും ചെയ്തത്. ലൈസൻസും രേഖകളും കൈവശമുള്ളതിനാലാണ് പ്രധാന റോഡിലൂടെ സ്വതന്ത്രമായി വാഹനം കൊണ്ടു പോയതെന്നാണ് ഡ്രൈവർമാർ പറയുന്നത്. ഇത് എരുമേലിയിൽ നിന്നും ചേർത്തയിലെ പ്ലാന്റിലേയ്ക്ക് സംസ്കരണത്തിനായി കൊണ്ടു പോകുന്ന വാഹനമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായി ആരോപിച്ചാണ് ഇവർ വാഹനം പിടിച്ചെടുത്തത്. എന്നാൽ, നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ഭാഗത്ത് എംസി റോഡിൽ എവിടെയാണ് സംശയാസ്പദമായ സാഹചര്യം എന്ന ചോദ്യമാണ് ഉയരുന്നത്. ഇത്തരത്തിൽ പിടിച്ചെടുത്ത വാഹനം കോട്ടയം നഗരസഭ ഓഫിസിന്റെ മുന്നിൽ മൂന്ന് ദിവസമാണ് കൊണ്ടിട്ടത്. നവംബർ 13 ന് രാത്രി പിടികൂടിയ വാഹനം നവംബർ 16 വരെ കോട്ടയം നഗരസഭ ഓഫിസിനു മുന്നിലിട്ടു. തുടർന്ന്, ശനിയാഴ്ച ഉച്ചയോടെയാണ് മഹ്സർ തയ്യാറാക്കി ആർ.ഡി.ഒയ്ക്ക് കൈമാറാൻ പോലും കോട്ടയം നഗരസഭ അധികൃതർ തയ്യാറായത്.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉയർത്താൻ സാധ്യതയുള്ള മാലിന്യം സംസ്കരിക്കാൻ വേണ്ട നടപടി സ്വീകരിക്കാതെയാണ് നഗരസഭ പിടിച്ചെടുത്തത്. കോട്ടയം നഗരത്തിൽ മാലിന്യം തള്ളുന്ന വാഹനങ്ങൾക്ക് കൃത്യമായ നമ്പർ പോലും ഉണ്ടാകില്ലെന്ന് നഗരസഭ സെക്രട്ടറി തന്നെ സമ്മതിക്കുന്നു. എന്നാൽ, കൃത്യമായ നമ്പർ സഹിതം, കൃത്യമായ പേപ്പറുകളോടെ രാത്രി സർവീസ് നടത്തിയ വാഹനമാണ് പൊതു നിരത്തിൽ നിന്നും ഒരു ഹെൽത്ത് ഇൻസ്പെക്ടർ പിടിച്ചെടുത്തത്. കോട്ടയം നഗരത്തിലോ, ജില്ലയിലോ സെപ്റ്റിക് ടാങ്ക് മാലിന്യം സംസ്കരിക്കാൻ മതിയായ സംവിധാനം ഒരുക്കിയിട്ടില്ല. ഇത്തരത്തിൽ യാതൊരു വിധ അടിസ്ഥാന സൗകര്യവും ഒരുക്കാത്ത നഗരസഭയാണ് കൃത്യമായി രേഖകളുമായി സംസ്കരിക്കാൻ പോകുകയായിരുന്ന വാഹനം പിടിച്ചെടുത്തത്. ഈരയിൽക്കടവിലും മറ്റു സ്ഥലങ്ങളിലും രാത്രിയിൽ വലിയ തോതിൽ മാലിന്യം തള്ളുന്നത് പതിവാണ്. ഇവിടെ ഒരിടത്ത് പോലും ക്യാമറ സ്ഥാപിക്കാനോ എന്തിന് കൃത്യമായി വെളിച്ചം സ്ഥാപിക്കാൻ പോലും നഗരസഭയ്ക്ക് സാധിച്ചിട്ടില്ല.
നഗരസഭയുടെ മൂക്കിന് താഴെ കോടിമത എം.ജി റോഡിൽ രാത്രിയിൽ ടൺ കണക്കിന് മാലിന്യമാണ് തള്ളുന്നത്. എന്നാൽ, ഇവിടെ ഇപ്പോഴും മതിയായ വെളിച്ചം ഒരുക്കാൻ നഗരസഭയ്ക്ക് സാധിക്കുന്നില്ല. രാത്രി സ്ക്വാഡ് എന്ന പേരിൽ സാധാരണക്കാരെ പിഴിയുന്ന നഗരസഭ യാതൊരു വിധ നടപടിയും മാലിന്യം തള്ളുന്നവരെ പിടികൂടാൻ എടുക്കുന്നില്ല. കുത്തഴിഞ്ഞ നഗരസഭ ഭരണം കൂടിയാകുമ്പോൾ കോട്ടയം നഗരസഭയിൽ എല്ലാം തികയും..!