കോട്ടയം: കെ.കെ റോഡിൽ സ്വകാര്യ – കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. കനത്ത മഴയിൽ തെന്നിക്കിടന്ന റോഡിലാണ് അപകടം ഉണ്ടായത്. കെ.കെ റോഡിൽ കോത്തല പന്ത്രണ്ടാം മൈലിൽ മണ്ണാത്തിപ്പാറ വളവിലായിരുന്നു അപകടം. അപകടത്തിൽ അഞ്ച് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് 6.45 നായിരുന്നു അപകടം.
എരുമേലിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു സ്വകാര്യ ബസ്. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ കെ.എസ്.ആർ.ടി.സി ബസ് കുമളി ഭാഗത്തേയ്ക്കു പോകുകയായിരുന്നു. ബസുകൾ തമ്മിലാണ് മണ്ണാത്തിപ്പാറ ഭാഗത്തു വച്ച് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു ബസിന്റെയും മുൻ ഭാഗം തകർന്നു. ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം കെ.കെ റോഡിൽ ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തു.