കുറവിലങ്ങാട് : ഓർഡിനറി ബസുകളുടെ എണ്ണം കുറച്ചും സർവീസ് റദ്ദാക്കിയും കെഎസ്ആർടിസി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. കൂത്താട്ടുകുളം–കോട്ടയം റൂട്ടിലാണു യാത്രാക്ലേശം രൂക്ഷമായത്. കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നു കൃത്യമായി സർവീസ് നടത്താത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടുന്നു. ദേശസാത്കൃത പാതയായ എംസി റോഡിൽ കെഎസ്ആർടിസി ഓർഡിനറി ബസുകൾ മാത്രമാണു യാത്രക്കാർക്ക് ആശ്രയം. 11 ബസുകളാണു കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നു കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്നത്. ഇതിൽ 4 സർവീസുകൾ മിക്ക ദിവസവും റദ്ദാക്കുന്നു. ജീവനക്കാരുടെ പുതിയ ഡ്യൂട്ടി പരിഷ്കരണം നിലവിൽ വന്നതിനു ശേഷമാണു ബസുകളുടെ എണ്ണം കുറഞ്ഞത്. കണ്ടക്ടർമാരുടെ എണ്ണവും കുറവാണ്. കോട്ടയത്തേക്കു രാവിലെ 7നും 8നും 8.40നുമുള്ള ബസുകൾ ഇപ്പോൾ ഓടുന്നില്ല.10000 രൂപയോളം വരുമാനമുള്ള സർവീസുകളാണ് അധികൃതരുടെ അനാസ്ഥ മൂലം മുടങ്ങുന്നത്. രാവിലെയുള്ള സർവീസ് ആയതിനാൽ ജോലിക്കു പോകുന്നവരും വിദ്യാർഥികളുമാണു കൂടുതൽ വലയുന്നത്.
കൂത്താട്ടുകുളം ഡിപ്പോയിലെ ബസുകൾ പലതും കട്ടപ്പുറത്താണ്. 52 കണ്ടക്ടർമാരുള്ള ഡിപ്പോയിൽ ഇപ്പോൾ 40 പേരാണു ജോലിക്കെത്തുന്നത്. 12 കണ്ടക്ടർമാർ സ്ഥലം മാറ്റം ലഭിച്ചു മറ്റു ഡിപ്പോകളിലേക്കു പോയപ്പോൾ പകരം എത്തിയത് 4 പേർ മാത്രമാണെന്നു ഡിപ്പോ അധികൃതർ പറയുന്നു. മറ്റു ജില്ലകളിൽ നിന്നുള്ള ജീവനക്കാരെ കൂടുതലായി നിയമിച്ചതും സർവീസുകളെ ബാധിച്ചു. ഭൂരിപക്ഷം യാത്രക്കാരും ആശ്രയിക്കുന്നതു കെഎസ്ആർടിസി ഓർഡിനറി ബസുകളെയാണ്. സ്വിഫ്റ്റ് ഉൾപ്പെടെ ദീർഘദൂര ബസുകൾ എംസി റോഡിലൂടെ ഓടുന്നുണ്ട്. പക്ഷേ ഇവ എല്ലാ സ്റ്റോപ്പുകളിലും നിർത്തില്ല. നിരക്കു കൂടുതലുമാണ്. സ്ഥിരം യാത്രക്കാർക്ക് ആശ്രയം ഓർഡിനറി ബസുകളാണ്.