ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50 പട്ടികയിൽ ഇടംനേടി റിഫ്ലെക്ഷൻസ് ഇൻഫോ സിസ്റ്റംസ്

തിരുവനന്തപുരം, ജനുവരി 24, 2024: ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന 50 ടെക്‌നോളജി കമ്പനികളുടെ പട്ടികയായ ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50-ൽ ഇടം നേടി തിരുവനന്തപുരത്തെ ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന റിഫ്ലെക്ഷൻസ് ഇൻഫോ സിസ്റ്റംസ്. തുടർച്ചയായ രണ്ടാം വർഷമാണ് കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ വളർച്ചാനിരക്ക് കണക്കിലെടുത്താണ് വിവിധ കമ്പനികളെ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. 2022 ലെ ഇതേ പട്ടികയിൽ റിഫ്ലെക്ഷൻസ് ഇൻഫോ സിസ്റ്റംസിനു ഇരുപതാം സ്ഥാനമായിരുന്നു. ഇന്ത്യയിലെ ടെക് കമ്പനികളിലെ വനിതാ സിഇഒ മാരെ അംഗീകരിക്കുന്ന ‘SheXO in Tech’ എന്ന അംഗീകാരവും കമ്പനി സ്വന്തമാക്കി.

Advertisements

ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം, നൂതനമായി ചിന്തിക്കാനുളള കഴിവ്, വ്യവസായ വ്യാപാര പങ്കാളികളുമായുള്ള ശക്തമായ ബന്ധം, ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും അകമഴിഞ്ഞ പിന്തുണ എന്നിവ മൂലമാണ് ഈ നേട്ടം സാധ്യമായതെന്നു റിഫ്ലെക്ഷൻസ് ഇൻഫോ സിസ്റ്റംസിന്റെ സി.ഇ.ഒ ദീപ സരോജമ്മാൾ പറഞ്ഞു . നിരന്തരം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത് ഈ മാറ്റങ്ങൾക്കനുസരിച്ച് പുതിയ ബിസിനസ് സാദ്ധ്യതകൾ തിരിച്ചറിയാനും നിലവിലുള്ളവയെ പുതുക്കാനും ആവശ്യമായ സാങ്കേതികഉത്പന്നങ്ങളും സഹായവും തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്ന കമ്പനിയാണ് റിഫ്ലെക്ഷൻസ് ഇൻഫോ സിസ്റ്റംസ്. വീണ്ടും ഡിലോയിറ്റ് ലിസ്റ്റിൽ ഇടംനേടിയത് സാങ്കേതിക രംഗത്ത് കൂടുതൽ നൂതനമായ ചിന്തകളുമായി മുൻപോട്ടു പോകാനുള്ള അവസരമാണ് കമ്പനിക്കു മുൻപിൽ തുറന്നിടുന്നതെന്നും ദീപ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയിലെ ടെക് കമ്പനികൾ ഏറെ പ്രാധാന്യം നൽകുന്ന അംഗീകാരങ്ങളിൽ ഒന്നാണ് ഡിലോയിറ്റിന്റെ ഈ പട്ടിക. അതിവേഗത്തിൽ വളരുകയും മികച്ച മത്സരബുദ്ധി പ്രകടിപ്പിക്കുകയും ചെയ്യുന്ന പുതുതലമുറ കമ്പനികളാണ് ഈ പട്ടികയിൽ ഇടംപിടിക്കാറുള്ളത്. വരുമാനവും വളർച്ചയും മാത്രമല്ല പട്ടികയിൽ ഇടംപിടിക്കുന്നതിനുള്ള മാനദണ്ഡം. സുസ്ഥിരത, സാമ്പത്തിക ഉൾക്കൊള്ളിക്കൽ, മെഡിക്കൽ ടെക്‌നോളജി, തുടങ്ങിയ നിരവധി സാമൂഹികഘടകങ്ങളും ഡിലോയിറ്റ് കണക്കിലെടുക്കാറുണ്ട്. ഇന്ത്യയിലെ ടെക് കമ്പനികളുടെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നാണ് ഈ 50 കമ്പനികളിൽ ഒന്നായി മാറുക എന്നത്.

ദേശനിർമാണത്തിനും സാമൂഹിക പുരോഗതിക്കുമുള്ള ഉപകരണമായി ഡിജിറ്റൽവത്കരണത്തെ ഉപയോഗിക്കാനും മാറിചിന്തിക്കാനും പ്രവർത്തിക്കാനും നമ്മെ നിർബന്ധിതരാക്കിയ, ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു വർഷമായിരുന്നു 2023 എന്ന് ഡിലോയിറ്റിന്റെ ടിഎംടി ഇൻഡസ്ട്രി ലീഡറും പാർട്ണറുമായ പീയുഷ് വൈഷ് പറഞ്ഞു. ഇനി വരുന്ന ഓരോ കാലഘട്ടവും സാങ്കേതികമായി കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവി ഒരുമിച്ച് പ്രവർത്തിച്ച് സൃഷ്ടിക്കാനുള്ള ഡിലോയിറ്റിന്റെ ശ്രമങ്ങളുമായി ചേർന്നുനിൽക്കുന്നുവെന്ന് പീയുഷ് വൈഷ് കൂട്ടിച്ചേർത്തു. രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന മുൻനിര കമ്പനികളിൽ ഒന്നായി മാറാൻ കഴിഞ്ഞതിൽ റിഫ്ലെക്ഷൻസ് ഇൻഫോ സിസ്റ്റംസിനെ അദ്ദേഹം അഭിനന്ദിച്ചു.

ലോകമെമ്പാടും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ആവശ്യമായ നൂതനമായ സാങ്കേതികപരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് റിഫ്ലെക്ഷൻസ് ഇൻഫോ സിസ്റ്റംസ്. ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾക്ക് പൂർണശ്രദ്ധ നൽകിക്കൊണ്ടുള്ള സമീപനമാണ് കമ്പനിയുടെ പ്രത്യേകത. കാലത്തിനൊത്തതും ഏറ്റവും ഉചിതവുമായ സാങ്കേതികഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന കമ്പനിയായാണ് റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ് അറിയപ്പെടുന്നത്. ബാങ്കിങ്, സാമ്പത്തിക സേവനങ്ങൾ, ആരോഗ്യരംഗം, ലോജിസ്റ്റിക്സ്, ഗതാഗതം, വാഹനവിപണി, മാധ്യമ-വിനോദ രംഗം എന്നീ മേഖലകളിൽ ഉൾപ്പെടെ കമ്പനിക്കു ഉപഭോക്താക്കളുണ്ട് .അമേരിക്കയിലും ഓസ്‌ട്രേലിയയിലും ബ്രസീലിലും മിഡിൽ ഈസ്റ്റിലും കമ്പനിക്ക് ഓഫിസുകളുണ്ട്. ഇന്ത്യയിൽ തിരുവനന്തപുരം, ചെന്നൈ, പൂനെ ബെംഗളൂരു എന്നിവിടങ്ങളിലും കമ്പനി പ്രവർത്തിക്കുന്നു.

Hot Topics

Related Articles