കോട്ടയം : കോട്ടയം കെ എസ് ആർടിസി ബസ് സ്റ്റാൻഡിൽ ബസിൽ നിന്ന് ഇറങ്ങിയ യാത്രക്കാരൻ , റോഡിൽ തലയിടിച്ച് വീണ് ഇതേ ബസിന്റെ പിൻ ചക്രങ്ങൾ കയറി മരിച്ചു. മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പാലായിൽ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്നു കെ എസ് ആർ ടി സി ബസ്. ഈ ബസ് സ്റ്റാൻഡിൽ എത്തിയ ശേഷം പിന്നോട്ട് എടുക്കുന്നതിനിടെ യാത്രക്കാരൻ ഇറങ്ങുകയായിരുന്നു. ഈ സമയം ബസ് തട്ടി യാത്രക്കാരൻ റോഡിൽ വീണു. തുടർന്ന് , ബസിന്റെ പിൻ ചക്രങ്ങൾ ഇയാളുടെ തലയിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയിലും പൊലീസിലും അറിയിച്ചു. തുടർന്ന് , അഗ്നിരക്ഷാ സേനാ സംഘം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
സംഭവത്തെ തുടർന്ന് കോട്ടയം നഗരത്തിൽ എം സി റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിലേക്ക് ബസ്സുകൾ പ്രവേശിക്കുന്നത് അശ്രദ്ധമായും അപകടകരമായ ആണെന്നും ഓട്ടോ ഡ്രൈവർമാർ ആരോപിച്ചു. ഇത്തരത്തിൽ പല ദിവസങ്ങളിലും കെഎസ്ആർടിസി ബസുകൾ അശ്രദ്ധമായി മുന്നോട്ട് എടുക്കുന്നത് മൂലം വൻ അപകട ഭീതിയാണ് ഉയരുന്നത്. ബസ്സിന്റെ പ്രവേശന കവാടത്തിൽ സെക്യൂരിറ്റി ജീവനക്കാരോ പോലീസ് ഉദ്യോഗസ്ഥരോ ഇല്ലാത്തത് സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ടെന്ന് ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവർ പ്രതികരിച്ചു. സംഭവത്തിൽ കേസെടുത്ത വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.