കോട്ടയം : കോട്ടയത്ത് 10 വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 1490 പോക്‌സോ കേസുകള്‍. ആറിരട്ടി വർദ്ധന. സമൂഹമാദ്ധ്യമങ്ങളാണ് പോക്‌സോ കേസുകള്‍ വർദ്ധിക്കുന്നതില്‍ വില്ലനായത്.കഴിഞ്ഞ വർഷം ജില്ലയില്‍ രജിസ്റ്റർ ചെയ്ത കേസുകളില്‍ ഏറെയും ഇൻസ്റ്റഗ്രാം പരിചയത്തില്‍ നിന്ന് തുടങ്ങിയതാണെന്ന് പൊലീസ് പറയുന്നു. 2014ല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 67 കേസാണ് രജിസ്റ്റർ ചെയ്തതെങ്കില്‍ 2023 ല്‍ അത് 251 ആയി. പാലാ, എരുമേലി, മുണ്ടക്കയം, വൈക്കം, കുമരകം, കടുത്തുരുത്തി, ഈരാറ്റുപേട്ട, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് കേസുകള്‍ കൂടുതല്‍. സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തില്‍ കോട്ടയം 2013ല്‍ 11ാം സ്ഥാനത്തായിരുന്നെങ്കില്‍ കഴിഞ്ഞ വർഷം എട്ടാമതായി.
റപ്പോർട്ട് ചെയ്യുന്ന പോക്‌സോ കേസുകളില്‍ എണ്‍പത് ശതമാനത്തിന് മുകളിലും മൊബൈല്‍ ഫോണാണ് വില്ലൻ. പത്ത്, ഹയർസെക്കൻഡറി വിദ്യാർത്ഥികളാണ് കൂടുതലും ചൂഷണത്തിനിരയായത്.15നും 17നും വയസിനിടയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെല്ലാം ഇൻസ്റ്റഗ്രാമിന്റെ ഇരകളാണ്. റീല്‍സ് ചെയ്ത് മറ്റും ഇൻസ്റ്റഗ്രാമില്‍ പരിചയമുണ്ടാക്കിയവരാണ് ചൂഷണം ചെയ്തവരുലേറെയും. പരിചയം നടിച്ചെത്തിയവരില്‍ ഭൂരിഭാഗവും അന്യജില്ലക്കാരാണ്. വീടുകള്‍ പോലും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ വേദികളാകുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. അയല്‍വാസികളും അടുത്ത ബന്ധുക്കളുമാണ് പ്രതികളിലേറെയും. ജോലിക്കാരായ മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് പോകുമ്ബോള്‍ ഒറ്റയ്ക്കാകുന്ന കുട്ടികള്‍ക്ക് നേരെയാണ് അതിക്രമം. ആണ്‍കുട്ടികള്‍ക്ക് ലഹരി പദാർത്ഥങ്ങള്‍ നല്‍കി ലൈംഗിക ചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്.