കോട്ടയം: എം.സി റോഡിൽ അശ്രദ്ധമായി തുറന്ന കാറിന്റെ ഡോർ തട്ടി റോഡിൽ വീണതിനെ തുടർന്ന് ടാങ്കർ ലോറി കയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന മാന്നാനം സ്വദേശി മരിച്ചു. മാന്നാനം തടത്തിൽ ചെല്ലപ്പൻ്റെ മകൻ സുനിൽ കുമാറാ(57) ണ് അപകടത്തിൽ മരിച്ചത്. എം.സി റോഡിൽ നാട്ടകം സിമന്റ് കവലയിൽ രാവിലെയുണ്ടായ അപകടത്തിൽ പരിക്കേറ്റ സുനിൽകുമാർ കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ 10.30 ഓടെ നാട്ടകം സിമന്റ് കവല ഭാഗത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറക്കുകയായിരുന്നു. ഇതിനിടെ ഇതുവഴി എത്തിയ ബൈക്കിൽ കാർ തട്ടി, തുടർന്ന് ബൈക്ക് റോഡരികിലെ ടാങ്കർ ലോറിയ്ക്ക് അടിയിലേയ്ക്കു വീഴുകയായിരുന്നു. തുടർന്ന് ടാങ്കർ ലോറിയുടെ അടിയിൽ വീണ ഇദ്ദേഹത്തിന്റെ കാലിലൂടെ ടാങ്കറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഉടൻ തന്നെ നാട്ടുകാർ നാട്ടകം മുട്ടത്തെ അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസ് വിളിച്ചു വരുത്തി. തുടർന്ന് ഇദ്ദേഹത്തെ ഭാരത് ആശുപത്രിയിൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാരതാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇദ്ദേഹത്തിൻറെ മരണം സംഭവിച്ചത്. ഇന്ന് രാവിലെ കോട്ടയം ചിങ്ങവനത്തുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശിയും മരണപ്പെട്ടിരുന്നു. ചിങ്ങവനം സെമിനാരി പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി വിജയകുമാർ (40) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കൂടിയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും ചിങ്ങവനം ഭാഗത്തേക്ക് എത്തിയ കാറിനെ, എതിർ ദിശയിൽ നിന്നും എത്തിയ തടിലോറി ഇടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് കാർ പൂർണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റ വരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വിജയകുമാർ മരിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്നവരുടെ നില ഗുരുതരമല്ല. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു. ചിങ്ങവനത്ത് ഇലക്ട്രിക്കൽ ജോലികൾ ചെയ്യുകയാണ് മരിച്ച വിജയകുമാർ. സെമിനാരി പടിക്ക് സമീപത്തെ വാടകവീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.