കോട്ടയം : ഫുഡ് ഫെസ്റ്റ് എല്ലാവരെയും ഉൾകൊള്ളുന്നതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. കോട്ടയം നാഗമ്പടം മൈതാനത്ത് റൗണ്ട് ടേബിൾ 121 ൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റ് 25 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിന് ഒത്ത രീതിയിലാണ് ഭക്ഷ്യമേള നടക്കുന്നത്. വലിയ തോതിലുള്ള കൂട്ടായ്മയാണ് ഭക്ഷ്യമേളയിലൂടെ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. റൗണ്ട് ടേബിൾ 121 ചെയർമാൻ ചിൻ്റു കുര്യൻ ജോയി അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷത ബിൻസി സെബാസ്റ്റ്യൻ , നഗരസഭ അംഗം സിൻസി പാറേൽ , കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത് , ഏരിയ ചെയർ പേഴ്സൻ പൂജ രോഹിത്ത് , ഫുഡ് ഫെസ്റ്റ് കൺവീനർ നിതിൻ ജെറി , സെക്രട്ടറി ആൻസൻ അലൻ എന്നിവർ പ്രസംഗിച്ചു. കോട്ടയം നാഗമ്പടം മൈതാനത്താണ് മാർച്ച് രണ്ട് വരെ ഫുഡ്ഫെസ്റ്റ് നടക്കുന്നത്. റൗണ്ട് ടേബിൾ 121 ന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി നടത്തുന്ന സ്പർശ് സ്‌കൂളിന്റെ ധനശേഖരണാർത്ഥമാണ് പതിവ് പോലെ ഈ വർഷവും ഫുഡ് ഫെസ്റ്റ് നടത്തുന്നത്. മാർച്ച് രണ്ടിന് ചേരുന്ന സമാപന സമ്മേളനം ഡോ.ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്യും. 20 ഫുഡ് സ്റ്റാളുകളും, 20 നോൺ ഫുഡ് സ്റ്റാളുകളുമാണ് കോട്ടയം റൗണ്ട് ടേബിളിന്റെ ഫുഡ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് ടീയാണ് പ്രധാന സ്പോൺസർ. ജെയിൻ യൂണിവേഴ്സിറ്റിയും, പുളിമൂട്ടിൽ സിൽക്ക്സും സഹ സ്പോൺസർമാരാണ്. റൗണ്ട് ടേബിൾ 121 ന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യമേളയുടെ 34 ആമത് എഡിഷനാണ് ഇക്കുറി അരങ്ങേറുക.