കോട്ടയം: കുഴിയും ചെളിയും നിറഞ്ഞ റോഡ് നന്നാക്കാൻ നഗരസഭ അധികൃതർ പണം അനുവദിക്കാതെ വരികയും, നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപണിയും വീണ്ടും വൈകുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ നഗരസഭ അംഗവും നാട്ടുകാരും ചേർന്ന് റോഡ് നന്നാക്കി. കോട്ടയം നഗരസഭ അഞ്ചാം വാർഡ് കൗൺസിലർ വിനു ആർ മോഹനും നാട്ടുകാരും ചേർന്നാണ് തകർന്നു തരിപ്പണമായി കിടന്ന റോഡ് നവീകരിച്ചത്. നട്ടാശേരി സൂര്യകാലടിമന – ചാത്തുക്കുളം റോഡാണ് നഗരസഭ അംഗം നാട്ടുകാരുടെ സഹായത്തോടെ നവീകരിച്ചത്.
നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന വഴി മാസങ്ങളായി ചെളിയും മണ്ണും നിറഞ്ഞു കിടക്കുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ വച്ച് വിനു ആർ മോഹൻ റോഡ് നവീകരണത്തിന് ശ്രമിച്ചിരുന്നു. എന്നാൽ, ഈ വഴി നവീകരിക്കാൻ സാധിച്ചില്ല. പദ്ധതി സ്പിൽ ഓവറായിട്ടും അംഗീകാരം നൽകാൻ നഗരസഭ അധികൃതർക്ക് സാധിച്ചില്ല. ഇതേ തുടർന്ന് വീണ്ടും വിനു ആർ മോഹൻ നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും മൂന്നു മാസമെങ്കിലും വേണ്ടി വരും റോഡ് നവീകരിക്കാനെന്നായിരുന്നു നഗരസഭ അധികൃതരുടെ നിലപാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് കൗൺസിലർ വിനു ആർ മോഹൻ നാട്ടുകാരെ വിളിച്ച് ചേർത്ത് നിലപാട് ചോദിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ കൗൺസിലർക്കൊപ്പം നിന്നു. തുടർന്ന് റോഡിന്റെ താല്കാലിക അറ്റകുറ്റപണിയ്ക്ക് വേണ്ട ഫണ്ട് കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം റോഡിൽ മെറ്റൽ ഇരക്കി സഞ്ചാര യോഗ്യമാക്കുന്ന നടപടിയും സ്വീകരിച്ചു. നേരത്തെ റോഡിലൂടെ വിദ്യാർത്ഥികൾക്ക് അടക്കം നടക്കാനാവാത്ത സാഹചര്യമായിരുന്നു. മുട്ടറ്റം ചെളിയും മണ്ണും നിറഞ്ഞ റോഡിൽ സഞ്ചാരം വലിയ ബുദ്ധിമുട്ടായി മാറിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ റോഡ് നവീകരിക്കാൻ നവീകരിക്കാൻ നഗരസഭ അംഗത്തിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്.
സംസ്ഥാന സർക്കാർ വിവിധ നികുതികൾ വർദ്ധിപ്പിച്ചതിന്റെ എല്ലാ വിധ ഗുണങ്ങളും ഇപ്പോൾ നഗരസഭയ്ക്കാണ് ലഭിക്കുന്നതെന്ന് നഗരസഭ അംഗം വിനു ആർ മോഹൻ പറഞ്ഞു. തനത് ഫണ്ടിന്റെ വരുമാനം അടക്കം നഗരസഭയ്ക്ക വർദ്ധിച്ചിട്ടുണ്ട്. കെട്ടിട നികുതിയും, വിനോദ നികുതിയും അടക്കം വർദ്ധിപ്പിക്കുകയും, നഗരസഭയുടെ വരുമാനം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടു പോലും വാർഡുകളിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കാൻ തനത് ഫണ്ടിൽ നിന്നും തുക ചിലവഴിക്കാൻ നഗരസഭ അധികൃതർ തയ്യാറാകുന്നില്ല. ഇത് പ്രതിഷേധാർഹമാണെന്നും വിനു ആർ മോഹൻ പറഞ്ഞു.