കോട്ടയം തലയോലപ്പറമ്പിൽ വയോധികർ തനിച്ച് താമസിക്കുന്ന വീട്ടിൽനിന്നും 1.50 ലക്ഷം കവർന്നു : മോഷണം നടന്നത് ഞായറാഴ്ച പുലർച്ചെ

തലയോലപറമ്പ് : വയോധികരായ ദമ്പതികൾ താമസിക്കുന്ന വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ കവർന്നു. പൊതി റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ പുത്തൻപുരയ്ക്കൽ പി.വി. സെബാസ്റ്റ്യൻ്റെ വീട്ടിലായിരുന്നു മോഷണം നടന്നത്.ഞായറാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു മോഷണം നടന്നത്. ഏതാനും ദിവസം മുമ്പ് വീട്ടുകാർ സ്ഥാപിച്ച സി സി ടി വി ക്യാമറകൾ വീടിൻ്റെ ചായ്പ്പിൽ ഉണ്ടായിരുന്ന ഏണി എടുത്ത് കൊണ്ട് വന്ന് ഭിത്തിയിൽ ചാരി മുകളിലേക്ക് കയറി സിസിടിവി ക്യാമറകൾതിരിച്ച് വച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മോഷണത്തിന് ശേഷം സിസിടിവിയുടെ വീടിനുള്ളിലുണ്ടായിരുന്ന ഹാർഡ് ഡിസ്ക്കും മോഷ്ടാക്കൾ എടുത്തു കൊണ്ടുപോയി. മുറിക്കുള്ളിലെ മേശവലിപ്പിൽ നിന്നും അലമാരയുടെ താക്കോൽ എടുത്ത ശേഷം അലമാരയ്ക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു.വീടിനുള്ളിൽ നിന്നും രേഖകളും ബാങ്ക് പാസ് ബുക്ക്, എടിഎം കാർഡ് അടക്കമുള്ളവ സൂക്ഷിച്ചിരുന്ന മേശവലിപ്പ് എടുത്ത് പുറത്ത് കൊണ്ടുവന്നിട്ടു. വിമുക്ത ഭടനായ സെബാസ്റ്റ്യനും റിട്ടേഡ് നഴ്സിംസിംഗ് കോളജ് പ്രിൻസിപ്പലായിരുന്ന ഭാര്യ ഏലിയാമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉറക്കത്തിൽ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന വീട്ടുടമ ടോർച്ച് അടിച്ച് നോക്കിയപ്പോഴേക്കും മോഷ്ടാക്കൾ മുൻവശത്തെ വാതിൽ വഴി കടന്ന് കളഞ്ഞു. വീട്ടുടമയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ട് ദിവസം മുമ്പാണ് ബാങ്കിൽ നിന്നും പെൻഷൻ തുക പിൻവലിച്ച് കൊണ്ടുവന്ന് അലമാരയിൽ സൂക്ഷിച്ചത്. തലയോലപ്പറമ്പ് എസ് ഐ കെ.ജി. ജയകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

Advertisements

Hot Topics

Related Articles