കോട്ടയം: നഗര മധ്യത്തിൽ ജോയ് മാളിന് മുന്നിൽ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. കാലിലൂടെ ലോറി കയറിയിറങ്ങിയ ആൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ശനിയാഴ്ച രാത്രി എട്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. വെള്ളവുമായി വന്ന ടാങ്കർ ലോറി ഒരേ ദിശയിൽ നിന്ന് എത്തിയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടം ഉണ്ടായ ഉടൻ തന്നെ ലോറി ഡ്രൈവർ വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ലോറി ഡ്രൈവർ ആദ്യം ഓട്ടോറിക്ഷയിൽ ഓടിക്കയറുകയും തൊട്ടടുത്തുള്ള കടക്കാർ ഇത് മനസ്സിലാക്കുകയും ചെയ്തു. ഓട്ടോ തടഞ്ഞു നിർത്തിയപ്പോൾ അതിൽനിന്നും ഇറങ്ങി ലോറി ഡ്രൈവർ ബസ്സിൽ കയറി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ യാത്രക്കാരന്റെ കാലിന് സാരമായി തന്നെ പരിക്ക് ഏറ്റു. ഓട്ടോറിക്ഷയിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓട്ടോറിക്ഷയിൽ കേറ്റിയ ഉടൻ തന്നെ അദ്ദേഹത്തിന്റെ കാല് തൂങ്ങിക്കിടക്കുന്നതായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ലോറി പോലീസുകാർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കോട്ടയം ട്രാഫിക് പോലീസ് കേസെടുത്തു.