കോട്ടയം: സഹകരണ ബാങ്കുകളുടെ എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് എടിഎം കാർഡ് ഉപയോഗിച്ച് 65 ലക്ഷത്തോളം രൂപ പല തവണയായി തട്ടിച്ച കേസിൽ യുപി സ്വദേശി കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിൽ. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിമാനത്തിൽ എത്തി സഹകരണ ബാങ്കുകളിലെ എടിഎമ്മുകളിൽ തട്ടിപ്പ് നടത്തിയ പ്രതിയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം യുപിയിൽ നിന്നും പിടികൂടിയത്. ഇയാളുടെ പേരും മറ്റു വിശദാംശങ്ങളും ഇന്ന് വൈകിട്ട് ജില്ലാ പൊലീസ് മേധാവി ഔദ്യോഗികമായി പുറത്തു വിടും.
2023 ജൂലൈ ആറു മുതൽ സെപ്റ്റംബർ വരെ നടന്ന തട്ടിപ്പിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. യുപി സ്വദേശിയായ പ്രതി സഹകരണ ബാങ്കിന്റെ എടിഎം സംവിധാനത്തിലുണ്ടായ പിഴവ് മുതലെടുത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ഈ പിഴവ് കൃത്യമായി മനസിലാക്കിയ പ്രതി യുപിയിലെ തന്റെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കും. തുടർന്ന്, വിമാനമാർഗം കേരളത്തിൽ എത്തി സഹകരണ ബാങ്കിന്റെ എടിഎമ്മിൽ നിന്നും സ്വന്തം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കും. ഇത്തരത്തിൽ പണം പിൻവലിച്ച ശേഷം യുപിയിൽ തന്റെ പേരിൽ അക്കൗണ്ട് ഉള്ള ബാങ്കിൽ എത്തി പണം നഷ്ടമായതായി പരാതി നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൻ സംഭവം നടക്കുമ്പോൾ യുപിയിൽ തന്നെ ആയിരുന്നെന്നും അതുകൊണ്ട് പണം പിൻവലിച്ചിട്ടില്ലെന്നും ഇത് ബാങ്കിങ് സംവിധാനത്തിന്റെ തകരാറാണ് എന്നും വാദിക്കും. ഇത് അനുസരിച്ച് പ്രതിയുടെ അക്കൗണ്ടിലേയ്ക്ക് പണം തിരികെ ഇട്ടു നൽകുകയും ചെയ്തു. ഇത്തരത്തിൽ കോട്ടയം അർബൻ ബാങ്കിന് മാത്രം 65 ലക്ഷത്തോളം രൂപ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായി. മറ്റ് ബാങ്കുകളുമായി സഹകരിച്ചാണ് കോട്ടയം അർബൻ ബാങ്കിന്റെ എടിഎം സംവിധാനം പ്രവർത്തിക്കുന്നത്. ഇതിലെ പിഴവ് കൃത്യമായി മനസിലാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നാണ് വ്യക്തമാകുന്നത്.
യുപിയിൽ നിന്നും നെടുമ്പാശേരിയിൽ വിമാനം ഇറങ്ങുന്ന പ്രതി, നേരെ കോട്ടയത്ത് റോഡ് മാർഗം എത്തും. തുടർന്ന്, തിരുനക്കര ചിങ്ങവനം തുടങ്ങിയ പ്രദേശങ്ങളിൽ കറങ്ങി നടന്ന ശേഷം സഹകരണ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്നും പണം അപഹരിക്കുന്നതായിരുന്നു രീതി. വ്യാപകമായി തട്ടിപ്പ് നടന്നതോടെ അർബൻ ബാങ്ക് മാനേജർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം നടത്തി പ്രതിയിലേയ്ക്ക് എത്തി. തുടർന്ന്, കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശ പ്രകാരം, കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്കുമാർ, എസ്.ഐ വിദ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ യുപിയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ യുപി കോടതിയിൽ ഹാജരാക്കി പ്രൊഡക്ഷൻ വാറണ്ടോടെയാണ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് അടക്കം നടത്തും.