കോട്ടയം : ഒരു വർഷം പഴക്കമുള്ള ബനാന ചിപ്സ് കഴിച്ച മൂന്നു വയസുകാരന് ഭക്ഷ്യവിഷബാധ ഏറ്റ സംഭവത്തിൽ നടപടിയുമായി കോട്ടയം നഗരസഭ. കോട്ടയം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ശങ്കരൻ ഭക്ഷ്യവിഷബാധ ഏറ്റ കുട്ടിയുടെ വീട്ടിൽ എത്തിയാണ് നടപടിയ്ക്ക് നിർദേശം നൽകിയത്. കോട്ടയം പള്ളം ബ്ളസി ഭവനിൽ ജസ് വിൻ – പ്രവീൺ ദമ്പതികളുടെ മകൻ നഥനേയലിനാണ് ഭക്ഷ്യവിഷബാധ ഏറ്റത്. കഴിഞ്ഞ 30 ന് രാത്രി 11 നാണ് നഥനേയലിൻ്റെ മുത്തച്ഛൻ യേശുദാസ് കുട്ടിയ്ക്ക് ഏറെ പ്രിയപ്പെട്ട ബനാന ചിപ്സ് വാങ്ങി നൽകിയത്. നാട്ടകം മുളങ്കുഴയിലെ കടയിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഇദ്ദേഹം ചിപ്സ് വാങ്ങിയത്. തുടർന്ന് , പിറ്റേന്ന് രാവിലെ കുട്ടിയും മുത്തശ്ശിയും ചിപ്സ് കഴിച്ചു. ഇതിന് പിന്നാലെ കുട്ടിയുടെ ശരീരം ചൊറിഞ്ഞ് തടിക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് കുട്ടിയെയുമായി കോട്ടയം ഐസിഎച്ചിൽ എത്തി. ഗുരുതരമായ അവസ്ഥയാണ് ഉണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറയുന്നു. തുടർന്ന് ഒരു ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷം ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്കാണ് കുട്ടിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്.
തുടർന്ന് , ഇന്നലെ ജാഗ്രത ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോട്ടയം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ശങ്കരൻ കുട്ടിയുടെ വീട്ടിൽ എത്തി. ഇവിടെ നിന്ന് ഇദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് , നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ചിപ്സ് വാങ്ങിയ കടയിൽ പരിശോധനയും നടത്തി. കോട്ടയത്ത് നിന്നും ചങ്ങനാശേരിയിൽ നിന്നും ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. തുടർന്ന് , കുട്ടി കഴിച്ച ബനാനാ ചിപ്സിൻ്റെ സാമ്പിൾ ശേഖരിച്ചു. സാമ്പിൾ വിശദമായി പരിശോധിച്ച ശേഷം നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു.