കോട്ടയം: കോടിമതയിൽ കൊടൂരാറ്റിൽ ഒഴുക്കിൽപ്പെട്ട നിലയിൽ യുവതിയെ കണ്ടെത്തി. 35 വയസ് പ്രായം തോന്നുന്ന യുവതിയെയാണ് ആറ്റിൽ നിന്നും കണ്ടെത്തിയത്. കോടിമത ഓയിൽ പാം ഇന്ത്യയുടെ ഓഫിസിനു സമീപം വിശ്രമ സ്ഥലത്താണ് യുവതി ഇരുന്നിരുന്നത്. ഇവിടെ നിന്നു പെട്ടന്ന് പ്രകോപനം ഒന്നുമില്ലാതെ ഇവർ ആറ്റിലേയ്ക്ക് ചാടുകയായിരുന്നു. സമീപത്ത് ഇരുന്നവരാണ് ഇവർ ആറ്റിൽ വീഴുന്നത് കണ്ടത്. തുടർന്ന് ഇവർ വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിച്ചു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ രക്ഷിച്ച് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവർക്ക് ഇവിടെ പ്രഥമ ശുശ്രൂഷ നൽകിയിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന സൂചന.ഒരു മാസത്തിനിടെ കോട്ടയം ഏറ്റുമാനൂരിൽ രണ്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കോടിമതയിലും സമാന രീതിയിൽ സംഭവം ഉണ്ടായിരിക്കുന്നത്. ഏറ്റുമാനൂർ കാരിത്താസിൽ ട്രെയിനിനു മുന്നിൽ ചാടി ഷൈനിയും മക്കളും കഴിഞ്ഞ ഫെബ്രുവരിയിലാണ് മരിച്ചത്. ഇതിന് ശേഷം പേരൂരിലാണ് അഭിഭാഷകയായ ജിൻസിയും മക്കളും ആറ്റിൽ ചാടി ജീവനൊടുക്കിയത്. ഇതിനിടെയാണ് ഇപ്പോൾ മറ്റൊരു യുവതി കോടിമതയിൽ ആത്മഹത്യാ ശ്രമവുമായി എത്തിയത്.
കോട്ടയത്ത് വീണ്ടും യുവതിയുടെ ആത്മഹത്യാ ശ്രമം..! കോട്ടയം കോടിമതയിൽ കൊടൂരാറ്റിൽ ഒഴുക്കിൽപ്പെട്ട നിലയിൽ യുവതിയെ കണ്ടെത്തി; യുവതി വെസ്റ്റ് പൊലീസും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു; ചാടിയതെന്ന് സൂചന
