കുറവിലങ്ങാട്: ദേവമാതാ കോളേജിലെ ഭൗതികശാസ്ത്ര, രസതന്ത്ര വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ജനുവരി 3, 4 തീയതികളിൽ കോളേജ് ഇ- ലേണിങ് സെൻററിൽ വച്ച് അന്താരാഷ്ട്ര ഗവേഷണ സെമിനാർ നടത്തപ്പെടുന്നു. കോളെജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി. റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിലിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ ഡോ. സി. ടി. അരവിന്ദ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെയും വിദേശത്തേയും നിരവധി യൂണിവേഴ്സിറ്റികളിലെ വിദഗ്ധരായ ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തദവസരത്തിൽ വിദ്യാർത്ഥികൾക്കും ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കുവാൻ അവസരമൊരുക്കിയിട്ടുണ്ട്. പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമാക്കൽ, കൺവീനർമാരായ ഡോ.സജി അഗസ്റ്റിൻ, ഡോ. ദീപ്തി ജോൺ എന്നിവരാണ് അന്തർദേശീയ സെമിനാറിന് നേതൃത്വം നൽകുന്നത്.