മൂക്കുമുട്ടെ തട്ടിയ ശേഷം തട്ടുകടക്കാരോട് തട്ടിക്കയറി : ചോദിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥയുടെയും മെക്കിട്ട്കയറ്റം : പാലായിൽ തട്ടുകടയ്ക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തയുടെ യാഥാത്ഥ്യം ഇങ്ങനെ

പാലാ : വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാചകം ചെയ്യുകയും കേടായ ഭക്ഷണം വിളമ്പുകയും ചെയ്ത ഹോട്ടലുകളെ കുറിച്ചുള്ള നിരവധി വാർത്തകൾ പലപ്പോഴും പുറത്തു വരാറുണ്ട്. എന്നാൽ ഇതൊരു അവസരമായി കണ്ട് ഹോട്ടലുകളെ പൊതുവിൽ അപകീർത്തിപ്പെടുത്തുവാനും പണം തട്ടിനുമുള്ള ശ്രമങ്ങൾ നടത്തുന്ന ആളുകളും കുറവല്ല എന്ന് തെളിയിക്കുകയാണ് ചില സംഭവവികാസങ്ങൾ. മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാതെ രക്ഷപ്പെടാൻ കയ്യിൽ കരുതിയിരുന്ന പാറ്റയെ ഭക്ഷണത്തിലിട്ട് പണം കൊടുക്കാതെ രക്ഷപ്പെടാൻ ശ്രമിക്കുന്ന കഥാപാത്രങ്ങളെ നാം സിനിമയിലും കണ്ടിട്ടുണ്ട്. ഇതിന് സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം രാത്രി പാലായിൽ ഉണ്ടായത്.

Advertisements

പാലായിൽ വൃത്തിക്കും രുചിക്കും പേരുകേട്ട ജോയിസ് ഫുഡ് കോർണർ എന്ന വലിയൊരു ഭക്ഷണശാലയിലാണ് എറണാകുളത്തുനിന്ന് എത്തിയ വിനോദയാത്ര സംഘം തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. പൊറോട്ടയും ദോശയും എട്ട് ബീഫ് ഫ്രൈയും രണ്ട് ബീഫ് കറിയുമാണ് ഇവർ അകത്താക്കിയത്. ഭക്ഷണം ഹോട്ടലിൽ ഇരുന്നു കഴിക്കാതെ ഇവർ എത്തിയ ടെമ്പോ ട്രാവലറിലേക്ക് കൊണ്ടുപോകുകയായിരുന്നു. 7 ബീഫ് ഫ്രൈയും രണ്ട് കറിയും അതിനുള്ള ദോശയും പൊറോട്ടയും ആണ് ആദ്യം വാങ്ങിയത്. പിന്നീട് എത്തി ഒരു ബീഫ് ഫ്രൈ കൂടി ആവശ്യപ്പെടുകയായിരുന്നു. അവസാനം വാങ്ങിയ ബീഫ് ഫ്രൈയിൽ അല്പം മിച്ചം വെച്ച യാത്രാസംഘം ഹോട്ടലിലെത്തി ഭക്ഷണം കേടായതാണെന്ന് ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭക്ഷണം കേടാണെങ്കിൽ പണം വേണ്ട എങ്കിലും മുഴുവൻ കഴിച്ചു തീർത്തല്ലോ എന്നു പറഞ്ഞ ഹോട്ടൽ ഉടമയോട് ഇവർ കയർത്തതോടെ ഹോട്ടലിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിച്ചവരും സംഭവത്തിൽ ഇടപെട്ടു. തങ്ങളുടെ പ്രശ്നത്തിന് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ഹോട്ടലിനുള്ളിൽ കഴിച്ചു കൊണ്ടിരുന്നവർ യാത്രാ സംഘത്തോട് വ്യക്തമാക്കിയതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം പ്രകോപിതരാകുകയായിരുന്നു. ഇതോടെ പാലാ പോലീസ് സ്റ്റേഷനിലേക്ക് ഹോട്ടൽ ഉടമ വിവരമറിയിക്കുകയും പോലീസ് സംഘം എത്തി വസ്തുതകൾ മനസ്സിലാക്കി പണം നൽകി മടങ്ങാൻ വിനോദയാത്ര സംഘത്തോട് ആവശ്യപ്പെട്ടു.

എന്നാൽ പോലീസ് ഒത്തു കളിക്കുകയാണെന്ന് ആരോപിച്ച് വീണ്ടും പ്രശ്നമുണ്ടാക്കാനാണ് വിനോദയാത്രക്കാർ ശ്രമിച്ചത്. ഒടുവിൽ കഴിച്ചതിനുള്ള പണം നൽകി പോകാൻ പറഞ്ഞപ്പോൾ 3000 ത്തോളം രൂപയുടെ ഭക്ഷണം കഴിച്ചവർ കേവലം 1400 രൂപ നൽകി സ്ഥലം വിട്ടു. പിന്നീട് ഒരു ഓൺലൈൻ വാർത്താ ചാനലിൽ പാലായിലെ തട്ടുകട സംഘത്തിന്റെ ഗുണ്ടായിസം ചീഞ്ഞ ബീഫ് കറി തീറ്റിച്ചു എന്നിങ്ങനെ ആരോപണങ്ങൾ ഉയർത്തി യാത്ര സംഘം വാർത്ത കൊടിപ്പിക്കുകയായിരുന്നു. പ്രശ്നം നടന്ന സമയത്ത് ഇവർ ചിത്രീകരിച്ച ചില വീഡിയോ ദൃശ്യങ്ങളും തെറ്റിദ്ധാരണാജനകമായ രീതിയിൽ വാർത്തയ്ക്ക് ഒപ്പം ചേർത്തിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്നുതന്നെ പ്രകോപനപരമായി പെരുമാറുന്നത് യാത്രാ സംഘത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണെന്ന് വ്യക്തമാക്കുന്നതാണ്.

ഇടുക്കി ഉപ്പുതറ സ്വദേശിയായ ജോയ് വർഗീസ് 27 വർഷമായി പാലായിൽ വഴിയോര ഭക്ഷണശാല നടത്തുന്നുണ്ട്. ആദ്യം നാളെ പാലത്തിന് സമീപം തട്ടുകടയായി പ്രവർത്തിച്ച പ്രസ്ഥാനം പിന്നീട് മഹാറാണി തീയറ്ററിന് സമീപമുള്ള ചെറുകെടിടത്തിൽ റസ്റ്റോറന്റ് ആയി പ്രവർത്തനം വിപുലീകരിച്ചു. മൂന്നു പതിറ്റാണ്ടോളമായി പാലാക്കാർക്ക് വൃത്തിയും രുചിയും ഉള്ള ഭക്ഷണം വിളമ്പുന്ന ജോയി ഏവരുടെയും ജോയി ചേട്ടനാണ്. രാത്രി ഒരു മണിവരെ പ്രവർത്തിക്കുന്ന ഈ ഹോട്ടൽ രാത്രി വൈകുമ്പോൾ പാലായിലൂടെ കടന്നു പോകുന്ന യാത്രികർക്കും പ്രിയപ്പെട്ട ഇടമാണ്. നിയമാനുസൃതം പ്രവർത്തിക്കുന്ന, ഇടപാടുകാരോട് മാന്യമായി പെരുമാറുന്ന ഹോട്ടലിനെയും ഉടമയെയും അവിടുത്തെ ജീവനക്കാരെയും താറടിക്കുന്ന പ്രചരണത്തിനെതിരെ പാലാക്കിടയിൽ കടുത്ത അമർഷവും ഉണ്ടായിട്ടുണ്ട്.

Hot Topics

Related Articles