കോട്ടയം : കേരള ഫോറസ്റ്റ് റെയ്ഞ്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ പ്രഥമ ഗ്രീൻ വാരിയർ അവാർഡിന് അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് അൻവർ വൈ അർഹനായി. അസോസിയേഷൻറെ പാലക്കാട്ട് നടന്ന സംസ്ഥാന സമ്മേളനത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനിൽ നിന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ മുഹമ്മദ് അൻവറിന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.
ആവാസവ്യവസ്ഥ സേവനങ്ങൾക്കും , മനുഷ്യ-വന്യജീവി പ്രതികൂല സമ്പർക്കങ്ങളിലെ ക്രിയാത്മക ഇടപെടലുകൾക്കും, വനപാലക-പൊതുജന ബന്ധം ഊഷ്മളമാക്കിയതുമാണ് ഈ അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയത്. കേരളത്തി പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച “സർപ്പ” യുടെ സ്ഥാപക അംഗവും ,സംസ്ഥാന നോഡൽ ഓഫീസറുമാണ് അദ്ദേഹം. കേരളത്തിൽ 300ൽപരം ആളുകൾ ഒരു വർഷം പാമ്പുകടി മൂലം മരണപ്പെട്ടിരുന്നതിൽ നിന്നും നാലിലൊന്നായി മരണനിരക്ക് കുറയ്ക്കുന്നതിൽ ഇദ്ദേഹത്തിൻറെ പങ്ക് വളരെ നിസ്ഥുലമാണ്. ഒരു പക്ഷെ പൊതുജന പങ്കാളിത്തത്തോടെ വന്യജീവികളെ റെസ്ക്യൂ ചെയ്ത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള ആദ്യ ആപ്ലിക്കേഷനാണ് ” സർപ്പ”.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് കൂടാതെ സമൂഹത്തിൽ നിലനിൽക്കുന്ന പാമ്പുകളെയും വിഷബാധയേയും സംബന്ധിച്ച അന്ധവിശ്വാസങ്ങൾക്കെതിരെയും തെറ്റായ റെസ്ക്യൂ രീതിയ്ക്കെതിരെയും ഫലപ്രദമായ ബോധവൽകരണം അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ശബരിമല തീർത്ഥാടന കാലത്ത് ഭക്തർക്കിടയിൽ സേവനപ്രവർത്തനങ്ങൾ നടത്തി വനംവകുപ്പിൻറെ യശസ്സ് ഉയത്തുന്നതിന്നും അദ്ദേഹത്തിന് കഴിഞ്ഞു. ആവാസവ്യവസ്ഥ പുനസ്ഥാപനം, പരിസ്ഥിതി സംരക്ഷണം, പൊതുജന ബോധവൽക്കരണം എന്നി മേഖലകളിൽ മികച്ച സേവനം കാഴ്ച വെച്ച പത്ത് വ്യക്തിത്വങ്ങളിൽ നിന്നുമാണ് ജൂറി ശ്രീ. മുഹമ്മദ് അൻവറിനെ തെരെഞ്ഞെടുത്തത്. വരും വർഷങ്ങളിലും ഈ അവാർഡ് നൽകുന്നതാണ് എന്ന് സംഘടന അറിയിച്ചു.