കോട്ടയം: ട്രെയിനിൽ മറന്നു വച്ച സ്വർണവും രേഖകളും അടങ്ങിയ ബാഗ് ആലപ്പുഴ സ്വദേശിനിയ്ക്ക് മണിക്കൂറുകൾക്കകം തിരികെ എടുത്തു നൽകി റെയിൽവേ പൊലീസിന്റെ മിന്നൽ ഇടപെടൽ. മിന്നൽ നീക്കം നടത്തിയ കോട്ടയം റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെയും റെയിൽവേ എസ്എച്ച്ഒ റെജി പി.ജോസഫിനെയും റെയിൽവേ എസ്.പി അനുമോദിച്ചു. ആലപ്പുഴ കൈചൂണ്ടി മുക്ക് ഫാത്തിമ മൻസിലിൽ ഫാത്തിമ സെയ്താലിയുടെ ബാഗാണ് കഴിഞ്ഞ ദിവസം ട്രെയിനിനുള്ളിൽ മറന്നു വച്ചത്. ഒരു പവൻ സ്വർണവും, രണ്ട് സ്മാർട്ട് ഫോണും ,പണവും ആധാർ കാർഡും രേഖകളും അടങ്ങിയ ബാഗാണ് മറന്നു വച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. തിരുന്നൽ വേലിയിൽ നിന്നും കായംകുളത്തേയ്ക്ക് പാലരുവി എക്സ്പ്രസിൽ സഞ്ചരിക്കുകയായിരുന്നു യുവതി. ഈ സമയം ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗ് ട്രെയിനിനുള്ളിൽ ഇവർ മറന്നു വച്ചു. പുലർച്ചെ മൂന്ന് മണിയോടെ കായംകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷമാണ് ഇവർ വിവരം പൊലീസിൽ അറിയിക്കുന്നത്. ഇവർ പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷിനെ വിവരം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന്റെ അടിസ്ഥാനത്തിൽ സന്തോഷ് വിവരം കോട്ടയം റെയിൽവേ എസ്എച്ച്ഒ റെജി പി.ജോസഫിനെ അറിയിച്ചു. ഇദ്ദേഹത്തിന്റെ നിർദേശാനുസരണം ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാരായ ജോൺസൺ, വിജേഷ് എന്നിവർ ട്രെയിനിൽ നടത്തിയ പരിശോധനയ്ക്ക് ഒടുവിൽ സ്വർണം അടങ്ങിയ ബാഗ് കണ്ടെത്തി. തുടർന്ന്, ഈ ബാഗ് കോട്ടയം റെയിൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന്, എസ്.എച്ച്.ഒ റെജി പി.ജോസഫ് ഇവരെ വിളിച്ചു വരുത്തി നഷ്ടപ്പെട്ട ബാഗ് തിരികെ ഏൽപ്പിച്ചു. ബാഗ് കണ്ടെത്താൻ പരിശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ റെയിൽവേ പൊലീസ് മേധാവി അഭിനന്ദിച്ചു.