കോട്ടയം: തീർഥയാത്രപോയ കുടുംബത്തിന്റെ കാറുമായി, പ്ലസ്ടു വിദ്യാർഥിനിയുടെ ആൺസുഹൃത്തിന്റെ വിനോദയാത്ര. കുടുംബം തിരിച്ചെത്തുന്നതിന് മണിക്കൂറുകൾക്കുമുമ്ബ് ഇയാൾ കാർ തിരിച്ചെത്തിച്ചെങ്കിലും ഗൃഹനാഥനുണ്ടാക്കിയ പൊല്ലാപ്പ് പോലീസിനെയും സെക്യൂരിറ്റി ജീവനക്കാരെയും വട്ടംചുറ്റിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു സിനിമാക്കഥകളെ വെല്ലുന്ന സംഭവം. അച്ഛനും അമ്മയും മകനും മകളുമടങ്ങിയ കുടുംബവും ഇവരുടെ അടുത്ത ബന്ധുവിന്റെ കുടുംബവുമാണ് വേളാങ്കണ്ണിക്ക് തീർഥയാത്രപോയത്. ഇവരുടെ കാർ, റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്തിട്ടശേഷം പണമടച്ച് രസീത് വാങ്ങി താക്കോൽ സെക്യൂരിറ്റി ജീവനക്കാരനെ എല്പിച്ചു.
തുടർന്നാണ് കഥയിലെ ട്വിസ്റ്റ് കുടുംബം ട്രെയിനിൽ കയറിപ്പോയി രണ്ട് മണിക്കൂറിനുശേഷം ഒരു യുവാവെത്തി തന്റെ അപ്പയാണ് കാർ പാർക്കുചെയ്ത് വേളാങ്കണ്ണിക്ക് പോയതെന്ന് അറിയിച്ചു. വാഹനം അവർ വരുമ്ബോഴേക്ക് എത്തിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്നും കാറെടുക്കാനെത്തിയതാണെന്നും സെക്യൂരിറ്റിയോട് പറഞ്ഞു. പാർക്കിങ്ങിന് പണമടച്ച രസീതിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ കാണിച്ച് വിശ്വാസ്യത വരുത്തി. ഏല്പിച്ച താക്കോൽ അവിടെയിരുന്നോട്ടെയെന്നും വേറെ താക്കോലുണ്ടെന്നും പറഞ്ഞ് കാറുമായിപോയി. രണ്ട് ദിവസത്തിനുശേഷം കുടുംബം തിരിച്ചെത്തുന്നതിനുമുമ്ബ് യുവാവ് വാഹനം പാർക്കിങ് സ്ഥലത്ത് എത്തിച്ചു. അപ്പ വരുന്നുണ്ടെന്നും കാറെടുത്തോളുമെന്നും പറഞ്ഞ് മടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗൃഹനാഥനെത്തിയപ്പോൾ, കാർ ‘മകൻ’ കൊണ്ടുപോയ കാര്യം സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചു. ഇതോടെ ഗൃഹനാഥൻ പൊട്ടിത്തെറിച്ചു. മകൻ തന്റെ കൂടെ ഉണ്ടായിരുന്നെന്നും വേളാങ്കണ്ണിക്ക് പോയ മകനെങ്ങനെ കാറുമായിപോയിട്ട് തിരിച്ചെത്തിയെന്നുമുള്ള ചോദ്യത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ കുഴങ്ങി. കാർ കൊണ്ടുപോയത് കഞ്ചാവ് കടത്താനാണെന്നും ഇദ്ദേഹം ആരോപിച്ചു. സെക്യൂരിറ്റി ജീവനക്കാരനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പോലീസിൽ പരാതിയും നൽകി. ഇതോടെ പോലീസും ഉണർന്നു,
കാർ കടത്തിക്കൊണ്ടുപോയ ആൾക്കായി അന്വേഷണം തുടങ്ങി. സി.സി.ടി.വി.യിൽനിന്ന് കാർ കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞപ്പോൾ ഞെട്ടിയത് കുടുംബവും പ്ലസ്ടു വിദ്യാർഥിനിയായ മകളും. പോലീസിന്റെ ചോദ്യങ്ങൾക്കുമുമ്ബിൽ പിടിച്ചുനിൽക്കാനാകാതെ മകൾ സംഭവം വിവരിച്ചു. പ്ലസ്ടു വിദ്യാർഥിയായ ആൺസുഹൃത്തിന് ‘കറങ്ങിനടക്കാൻ’, യാത്രപോകുന്നതിന് തലേദിവസം കാറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ താനാണ് കൈമാറിയതെന്ന് മകൾ സമ്മതിച്ചു. സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് പണമടച്ച രസീതിന്റെ ഫോട്ടോയെടുത്ത് ആൺസുഹൃത്തിന് വാട്ട്സ് ആപ്പിൽ അയച്ചും കൊടുത്തിരുന്നു. തുടർന്ന് ആൺസുഹൃത്തിനെ പോലീസ് വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചു. അയാളും ഇതെല്ലാം ശരിവെച്ചതോടെ പോലീസിനും ആശ്വാസമായി.