കോട്ടയം : നാഗമ്പടത്ത് യുവതിയെ മുൻ കാമുകൻ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതി വ്യാജം. കൃത്യമായി അന്വേഷണം നടത്താതെ വ്യാജ വാർത്ത നൽകിയ മഞ്ഞ ഓൺലൈൻ മാധ്യമം പൊലീസിനെ വട്ടം കറക്കിയത്. യുവതിയുടെ പുരുഷ സുഹൃത്ത് നൽകിയ പരാതിയാണ് ഓൺ ലൈൻ മാധ്യമം വാർത്തയാക്കിയത്. ഒടുവിൽ നിസാര വകുപ്പിട്ട് കേസെടുത്ത് പൊലീസ് തലയൂരി.
വ്യാഴാഴ്ച വൈകിട്ട് യുവതിയും മുൻ കാമുകനും തമ്മിലുണ്ടായ തർക്കമാണ് മഞ്ഞ ഓൺലൈൻ ഊതിപ്പെരുപ്പിച്ച് വാർത്തയാക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് യുവതിയുടെ സുഹൃത്ത് പരാതിയുമായി ഗാന്ധിനഗർ പോലീസിനെ സമീപിക്കുന്നത്. തൻറെ സുഹൃത്തായ യുവതിയെ മുൻ കാമുകൻ ആക്രമിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. എന്നാൽ , യുവതി നേരിട്ട് എത്തി പരാതി നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ , തനിക്ക് പരാതിയില്ലന്നായിരുന്നു യുവതിയുടെ ആദ്യത്തെ നിലപാട്. പിന്നീടും സുഹൃത്തായ യുവാവ് സ്റ്റേഷനിൽ നിന്ന് പോകാതെ വന്നതോടെ പൊലീസ് യുവതിയെയും ബന്ധുക്കളെയും മുൻ കാമുകനെയും വിളിച്ചു വരുത്തി. തുടർന്ന് , ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തതോടെ സുഹൃത്തായ യുവാവിൻറെ വ്യാജ പരാതി പൊളിഞ്ഞു. മുൻ കാമുകൻ യുവതിയുടെ ബന്ധു കൂടിയായിരുന്നു. യുവതിക്കും ബന്ധുക്കൾക്കും പരാതിയില്ലെന്ന് പറഞ്ഞതോടെ നിസ്സാര വകുപ്പുകൾ ചുമത്തിയശേഷം പോലീസ് കേസെടുത്തു യുവാവിനെ വിട്ടയച്ചു.