വാതിലടഞ്ഞ് പുരുഷൻമാർ, തിരക്കോട് തിരക്കിൽ കോട്ടയം മുതൽ ലേഡീസ് കോച്ചിലും രക്ഷയില്ലാതെ സ്ത്രീകൾ

കോട്ടയം : രാവിലെ എറണാകുളം ഭാഗത്തേയ്ക്ക് തിരക്ക് നിയന്ത്രണാതീതമാകുന്ന കോട്ടയം മുതൽ ലേഡീസ് കോച്ചിൽ പുരഷൻമാരുടെ കടന്നുകയറ്റം പതിവാകുന്നെന്ന് വ്യാപക പരാതികൾ ഉയരുന്നു. ലേഡീസ് കോച്ചുകളിലേയ്ക്ക് പ്രവേശനം പോലും തടഞ്ഞുകൊണ്ട് ഡോർ അടഞ്ഞു നിൽക്കുന്നത് ചോദ്യം ചെയ്ത സ്ത്രീകളോട് കയർത്ത് സംസാരിക്കുന്നതായും ട്രെയിനുകളിൽ പോലീസ് സഹായം ലഭ്യമാകുന്നില്ലെന്നും സ്ഥിര യാത്രക്കാർ ആരോപിക്കുന്നു. ഏറ്റുമാനൂർ, വൈക്കം സ്റ്റേഷനിൽ നിന്നുള്ള സ്ത്രീയാത്രക്കാർ കോച്ചിൽ നിന്ന് പുരുഷന്മാരോട് മാറികയറാൻ ആവശ്യപ്പെട്ടെങ്കിലും മാറാൻ കൂട്ടാക്കിയില്ല. ഇതുമൂലം പുലർച്ചെ കൊല്ലത്ത് നിന്ന് പുറപ്പെടുന്ന 66322 കൊല്ലം എറണാകുളം മെമുവിൽ പല സ്റ്റേഷനിൽ നിന്ന് സ്ത്രീകൾ കയറാനും ഇറങ്ങാനും പ്രയാസപ്പെട്ടതായും സിമി ജ്യോതി, ജീനാ ,വീണ, രജനി സുനിൽ എന്നിവർ പറഞ്ഞു. 06169 കൊല്ലം എറണാകുളം സ്പെഷ്യൽ മെമുവിലും സമാന സാഹചര്യമാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു

Advertisements

വാതിൽപ്പടിയിൽ ഇരിക്കുന്നതിനെ ചോദ്യം ചെയ്തവർ വനിതാപൊലീസാണോ? എന്ന പരിഹാസവും നേരിട്ടു. തിരക്കുമൂലം നിയമപാലകർ പോലും തിരിഞ്ഞു നോക്കാൻ പോലും കൂട്ടാക്കുന്നില്ലെന്ന പരാതിയാണ് സ്ത്രീകൾ ഉന്നയിക്കുന്നത്. കോട്ടയത്ത് നിന്ന് ട്രെയിൻ പുറപ്പെട്ടാൽ എറണാകുളത്തെത്തിയാൽ മാത്രമാണ് ഇപ്പോൾ ഈ ട്രെയിനുകളിൽ പോലീസ് സഹായം ലഭിക്കുന്നത്. അതിനിടയിൽ എന്തെങ്കിലും സംഭവിച്ചാൽ പോലും നടപടിയ്ക്കായി കാത്തിരിക്കേണ്ടി വരും. 16325 നിലമ്പൂർ- കോട്ടയം എക്സ്പ്രസിൽ രാത്രിയിൽ പലപ്പോഴും പോലീസ് ഉണ്ടാകില്ലെന്നും ഒരിക്കൽ എറണാകുളം ടൗണിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ മദ്യപിച്ച് ബഹളം വെച്ച യാത്രക്കാരനെതിരെ പരാതി പറഞ്ഞപ്പോൾ കോട്ടയത്ത് നിന്ന് നടപടി ഉണ്ടാകുമെന്നാണ് മറുപടി ലഭിച്ചത്. സൗമ്യവധത്തിന് ശേഷം രാത്രികാല പാസഞ്ചർ സർവീസുകളിൽ പോലീസ് സംരക്ഷണം നിർബന്ധമാക്കിയിരുന്നു. എന്നാൽ വീണ്ടും യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്നതിൽ വീഴ്ച സംഭവിക്കുന്നതായുള്ള ആരോപണം ശക്തമായിരിക്കുകയാണ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ റെയിൽവേയുടെ ഊദ്യോഗിക വെബ് സൈറ്റിലും/ റെയിൽ മദാദ്, കംപ്ലയിന്റ് രജിസ്റ്റർ മുഖേനയും സ്ത്രീകൾ ഇന്ന് പരാതി രേഖപ്പെടുത്തി. വാതിലടഞ്ഞും ചവിട്ടു പടിയിലുമുള്ള യാത്രകൾ ഒഴിവാക്കാൻ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആർ പി എഫിലും, ജി.ആർ.പി യിലും വിന്യസിക്കണമെന്നും എല്ലാ ട്രെയിനിലും പോലീസ് സഹായം ഉറപ്പാക്കണമെന്നും ട്രെയിനുകളിൽ സി സി ടി വി സുരക്ഷാ സംവിധാനങ്ങൾക്ക്‌ അടിയന്തിര പ്രാധാന്യം നൽകണമെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു. പ്രധാന സ്റ്റേഷനുകളിൽ പോലീസ് എയ്ഡ് പോസ്റ്റ്‌ ഇരു പ്രവേശന കവാടത്തിലും അനിവാര്യമാണെന്നും ഭിക്ഷാടകർക്കും ട്രെയിനിൽ പിരിവ് നടത്തുന്ന ഭിന്നലിംഗക്കാർക്കുക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് കൂട്ടിച്ചേർത്തു.

Hot Topics

Related Articles