കോട്ടയം : പ്രവാസികളെ പുറത്താക്കരുതെന്ന് കോട്ടയം അതി രൂപതയോട് മുൻസിഫ് കോടതി. പ്രവാസീ ക്നാനായ കത്തോലിക്കാ സംഘടനങ്ങൾ നൽകിയ ഹർജിയിൽ കോട്ടയം അഡീഷണൽ മുൻസിഫ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ വിലക്ക്. 1911-ലെ കോട്ടയം വികാരിയത്തിന്റെ സ്ഥാപക ബൂളാ പ്രകാരം, ക്നാനായ കത്തോലിക്കർ ലോകത്ത് എവിടെ താമസിച്ചാലും അവർ കോട്ടയം അതി രൂപതാ അംഗങ്ങൾ ആണെന്ന് ഈ ഉത്തരവിൽ കോടതി വിധി പറയുന്നു. തൊഴിൽ തേടി വിദേശത്തു പോകുന്ന ക്നാനായ കത്തോലിക്കർ രേഖാ മൂലം ആവശ്യപ്പെട്ടാൽ മാത്രമേ അവരുടെ കോട്ടയം അതി രൂപതാ അംഗത്വം റദ്ദ് ചെയ്യാൻ പാടുള്ളു എന്നാണ് കോടതി വിധി.
തൊഴിൽ തേടി വിദേശത്തു പോകുന്ന ക്നാനായ കത്തോലിക്കരെ മറു നാട്ടിലെ സീറോ മലബാർ ഇടവകകളിൽ നിർബ്ബന്ധ പൂർവ്വം ചേർക്കുന്ന നടപടിയെയും ബഹുമാനപ്പെട്ട കോടതി ശക്തമായി വിലക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ വടക്കുംഭാഗ (സീറോ മലബാർ) ഇടവകകളിലെ മെംബർഷിപ്പ് സർട്ടിഫിക്കറ്റുമായി വന്നാലേ നാട്ടിലെ തങ്ങളുടെ തെക്കുംഭാഗ ഇടവകകളിൽ കൂദാശകൾ ലഭിക്കൂ എന്ന കോട്ടയം അതി രൂപതാ നേതൃത്വത്തിന്റെ നിലപാട് മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്നും ബഹുമാനപ്പെട്ട കോടതി വിലയിരുത്തി. തെക്കുംഭാഗരായ ക്നാനായ കത്തോലിക്കർ എ ഡി-345-ൽ മധ്യ പൂർവ്വ ദേശത്തു നിന്നും കേരളത്തിലേക്ക് കുടിയേറിയ ജനതയാണ് എന്നതാണ് അതിനു കാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സീറോ മലബാർ സഭയുടെ “പ്രത്യേക നിയമത്തിനും” കാനൻ നിയമത്തിനും മുകളിലാണ് മേൽപറഞ്ഞ 1911-ലെ ബൂളായുടെ സ്ഥാനം എന്നും ഒരു കാലത്തും ആരാലും മാറ്റപ്പെടാൻ പാടില്ലാത്ത ആ നിയമ പ്രകാരം ആഗോള ക്നാനായ കത്തോലിക്കാ ദേവാലയങ്ങളിൽ തന്റെ അജപാലനം ലഭ്യമാക്കാൻ കോട്ടയം മെത്രാൻ ബാധ്യസ്ഥൻ ആണെന്നും ഈ വിധി ന്യായത്തിൽ പറയുന്നുണ്ട്. കോട്ടയം അതി രൂപതയുടെ ശിഥിലീകരണവും ക്നാനായ വംശീയ നാശവും ഒഴിവാക്കിക്കൊണ്ട് ആഗോള ക്നാനായ കത്തോലിക്കാ സമൂഹത്തെ ഒരു ജനം ആക്കി നില നിർത്താൻ ഈ കോടതി വിധിക്ക് കഴിയും.
പ്രവാസീ ക്നാനായ കത്തോലിക്കരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നും, കേരളത്തിലെ കോട്ടയം അതി രൂപതാ സംഘടനയായ കെ സി സി-യെയും ബഹുമാനപ്പെട്ട കോടതി വിലക്കിയിട്ടുണ്ട്. ഈ വിലക്കുകളെ ലംഘിക്കുകയോ, കൂദാശകൾക്കായി നാട്ടിലെത്തുന്നവരെ വീണ്ടും പ്രതിസന്ധിയിൽ അകപ്പെടുത്തുകയോ ചെയ്താൽ കർശനമായ കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകാനാണ് പ്രവാസീ ക്നാനായ കത്തോലിക്കാ സംഘടനകളുടെ തീരുമാനം. ഈ കോടതി വിധിയിൽ പറയുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തുന്നതിനായി ഏതറ്റം വരെ പോകാനും പ്രവാസീ ക്നാനായ കത്തോലിക്കാ സംഘടനങ്ങൾ തയ്യാറാണ്.