കോട്ടയം : മണിപ്പുഴയിലെ റോഡരികിലെ തോട്ടിൽ സാമൂഹിക വിരുദ്ധ സംഘം മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രി എത്തിയാണ് സാമൂഹിക വിരുദ്ധ സംഘം മാലിന്യം തള്ളിയത്. മണിപ്പുഴ – നാട്ടകം ഗസ്റ്റ് ഹൗസ് റോഡരികിലെ തോട്ടിൽ മാലിന്യം തള്ളിയതോടെ അതിരൂക്ഷ ദുർഗന്ധം അനുഭവപ്പെടുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് , നഗരസഭ നാട്ടകം സോണിലെ ജീവനക്കാർ എത്തി പ്രദേശം വൃത്തിയാക്കി. ഈ പ്രദേശത്ത് സാമൂഹിക വിരുദ്ധ സംഘം മാലിന്യം തള്ളുന്നത് പതിവാണ്. മണിപ്പുഴ – ഈരയിൽക്കടവ് ബൈപ്പാസിലും സമാന രീതിയിൽ സംഘം മാലിന്യം തള്ളാറുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്ത് സി സി ടി വി ക്യാമറ സ്ഥാപിക്കാൻ നഗരസഭ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭ അംഗം അഡ്വ. ഷീജ അനിൽ ആവശ്യപ്പെട്ടു.