കോട്ടയം: ആകാശപ്പാതയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കോട്ടയത്ത് സമരത്തിലേയ്ക്ക്. ആകാശപ്പതയുടെ നിർമ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഉപവാസ സമരം ജൂലായ് ആറ് ശനിയാഴ്ച കോട്ടയത്ത് നടക്കും. ജൂലായ് ആറ് ശനിയാഴ്ച രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് സമരം നടക്കുക. രാവിലെ ഒൻപതിന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ സമരം ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എംഎൽഎ മുഖ്യപ്രാസംഗികനായി പങ്കെടുക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കോട്ടയം ഈസ്റ്റ് വെസ്റ്റ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം നടക്കുക.