അരൂർ: കോട്ടയം ജില്ലയിൽനിന്ന് കാപ്പാ കേസിൽ ഉൾപ്പെട്ട് നാടുകടത്തപ്പെട്ട പ്രതിയെ എരമല്ലൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂർ പ്ലാൻകുഴിയിൽ ജയകൃഷ്ണൻ (26) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. എരമല്ലൂർ കിഴക്കുഭാഗത്ത് പ്രവർത്തിക്കുന്ന പൊറോട്ട കമ്പനിയോട് ചേർന്ന് ജീവനക്കാർ താമസിക്കുന്ന മുറിയിൽ ആയിരുന്നു മൃതദേഹം. കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന സഹായി രക്ഷപെട്ടിരുന്നു. ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് തേങ്ങ പൊതിക്കുന്ന ഇരുമ്പുപാര കണ്ടെത്തി. ഇതുകൊണ്ട് കുത്തിയും അടിച്ചുമാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.പൊറോട്ട കമ്പനിയിൽ നിന്നും വലിയതോതിൽ പൊറോട്ട ശേഖരിച്ച് വിവിധ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്ന ജോലിയായിരുന്നു ജയകൃഷ്ണന്റേത്. ഇതിനായി വെള്ളിയാഴ്ച അർധരാത്രി ഇയാൾ തൻ്റെ വാഹനവുമായി എത്തി.
വാഹനം പാർക്ക് ചെയ്‌തതിനുശേഷം സമീപത്തെ ജീവനക്കാരുടെ മുറിയിൽ വിശ്രമിക്കാൻ പോയി. ശനിയാഴ്ച രാവിലെ പൊറോട്ട കമ്പനിയിലെ തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. അരൂർ പോലീസ്മേൽ നടപടികൾ സ്വീകരിച്ചു.