- 10 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്.
കൊച്ചി 05 ഡിസംബർ 2023: കുസാറ്റ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനികൾ ആശുപത്രി വിട്ടു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി ഷേബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി വിനോദ് എന്നിവരാണ് ചൊവ്വാഴ്ച ഡിസ്ചാർജായത്. എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.
മരണത്തോട് പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ഷേബയേയും ഗീതാഞ്ജലിയേയും പൂച്ചെണ്ടുകൾ നൽകിയായിരുന്നു യാത്രയാക്കിയത്. എത്രയും വേഗം പൂർണ സൗഖ്യം നേടാൻ കഴിയട്ടേ എന്ന് കലക്ടർ ആശംസിച്ചു. ദുരന്തത്തെ അതിജീവിച്ചെത്തിയവർക്ക് വേണ്ട മാനസിക പിന്തുണ നൽകാൻ മാതാപിതാക്കളും അധ്യാപകരും സഹപാഠികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവർക്കുമൊപ്പം സമയം ചിലവഴിച്ച ശേഷമായിരുന്നു കലക്ടർ മടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന് ലഭിച്ച മികച്ച ചികിത്സ ഒന്ന് കൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞതെന്ന് ഷേബയും ഗീതാഞ്ജലിയും പറഞ്ഞു. ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെ എല്ലാവരും തങ്ങളെ മാനസിക ആരോഗ്യം വീണ്ടെടുക്കാൻ കൂടി സഹായിച്ചിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി.
നവംബർ 25ന് കുസാറ്റിലെ ടെക്ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു അങ്കമാലി എസ്.സി.എം.എസ് കോളജ് വിദ്യാർഥിനിയായ ഷേബക്കും കുസാറ്റിലെ മൂന്നാം സെമസ്റ്റർ ഇലക്ട്രോണിക്സ് വിദ്യാർഥിനിയായ ഗീതാഞ്ജലിക്കും പരിക്കേറ്റത്. ചവിട്ടേറ്റതിനെ തുടർന്ന് ശ്വാസകോശത്തിലും കരളിലും ഗുരുതര പരിക്കുകളുണ്ടായിരുന്നു. ഉടൻ തന്നെ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് എത്തിച്ച ഇരുവരെയും ഇവിടുത്തെ ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ദിലീപ് പണിക്കർ, ഡോ. എസ്. ശ്യാം സുന്ദർ, കൺസൾട്ടന്റ് ഡോ. ഷിജോയ് പി. ജോഷ്വ, ക്രിട്ടിക്കൽ കെയർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സുരേഷ് ജി. നായർ, അനസ്തീസിയോളജി വിഭാഗം സീനിയർ കൺസൾറ്റന്റ് ഡോ. ടി. ജിതേന്ദ്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ നൽകിയത്.
ആദ്യ ദിവസങ്ങളിൽ വെന്റിലേറ്ററിലായിരുന്ന ഇരുവരേയും ആരോഗ്യ നിലയിൽ പുരോഗതി കണ്ടു തുടങ്ങിയതോടെ മുറിയിലേക്ക് മാറ്റി. കടുത്ത വേദന അനുഭവിക്കുമ്പോഴും ചികിത്സയുമായി സഹകരിച്ച ഷേബയും ഗീതാഞ്ജലിയും പോരാട്ടത്തിന്റെ പ്രതീകങ്ങളാണെന്ന് ഡോ. എസ്. ശ്യാം സുന്ദർ പറഞ്ഞു. ഡിസ്ചാർജ് ആയെങ്കിലും പൂർണ സൗഖ്യം ലഭിക്കുന്നതിന് തുടർ ചികിത്സ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ, ആസ്റ്റർ മെഡ്സിറ്റിയിലേ
ഓപ്പറേഷൻസ് മേധാവി ധന്യ ശ്യാമളൻ തുടങ്ങിയവർ സംസാരിച്ചു.