കൊച്ചി മെട്രോ ടിക്കറ്റുകള്‍ ഇനി ആപ്പുകളിലും; ഒ.എൻ.ഡി.സിയുമായി കൈകോര്‍ത്ത് കെ.എം.ആര്‍.എല്‍

കൊച്ചി : ഓപ്പണ്‍ നെറ്റ്വർക്ക് ഫോർ ഡിജിറ്റല്‍ കൊമേഴ്സുമായി (ഒ.എൻ.ഡി.സി.) കൈകോർത്ത് കൊച്ചി മെട്രോ റെയില്‍. ഇതോടെ പേടിഎം, റാപ്പിഡോ, ഫോണ്‍പേ, റെഡ്ബസ്, യാത്രി എന്നീ ആപ്പുകള്‍ വഴിയും മെട്രോ ടിക്കറ്റുകള്‍ എടുക്കാനാകും. ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാൻ അധിക ചർജുകളൊന്നും നല്‍കേണ്ടിവരില്ല. നേരത്തേ ചെന്നൈ മെട്രോയും ഒ.എൻ.ഡി.സിയുമായി ചേർന്ന് സമാനമായ സൗകര്യം ഏർപ്പെടുത്തിയിരുന്നു. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇപ്പോള്‍ ഞങ്ങളുടെ ടിക്കറ്റിങ് സേവനങ്ങള്‍ ഒ.എൻ.ഡി.സി. നെറ്റ്വർക്കിലെ ബയർ ആപ്ലിക്കേഷനുകളിലും ലഭ്യമാകും. ഇതിലൂടെ വളരെ എളുപ്പത്തില്‍ യാത്രക്കാർക്ക് മെട്രോ ടിക്കറ്റുകള്‍ എടുക്കാനാകും.

Advertisements

ഒ.എൻ.ഡി.സിയുമായി ചേർന്ന് കൂടുതല്‍ സൗകര്യങ്ങള്‍ ഏർപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെഹ്റ കൂട്ടിച്ചേർത്തു. അധികം വൈകാതെ ഗൂഗിള്‍ മാപ്സ്, യൂബർ ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്കിങ്ങിനുള്ള സൗകര്യമുണ്ടാകുമെന്ന് ഒ.എൻ.ഡി.സി. ഉദ്യോഗസ്ഥർ അറിയിച്ചു. കൊച്ചി മെട്രോയുമായി കൈകോർത്തത് തങ്ങളെ സംബന്ധിച്ച്‌ വലിയൊരു നേട്ടമാണെന്ന് ഒ.എൻ.ഡി.സി. എം.ഡിയും സി.ഇ.ഒ.യുമായ ടി. കോശി പറഞ്ഞു. മെട്രോ കൂടാതെ മറ്റു ഗതാഗത സംവിധാനങ്ങളും ജനങ്ങള്‍ക്ക് വേണ്ട അവശ്യ സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles