കൊച്ചി: മോഡലായ പത്തൊൻപതുകാരിയെ കാറിൽ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിഥിൻ, സുധീപ് എന്നിവരും രാജസ്ഥാൻ സ്വദേശിനി ഡിമ്ബിൾ ലാവയുമാണ് എറണാകുളം സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കൂട്ടമനഭംഗത്തിനിരയായ പെൺകുട്ടിയെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി എറണാകുളം അറ്റ്ലാന്റിസിലെ ഹോട്ടലിലാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെ ഡി.ജെ.പാർട്ടി കഴിഞ്ഞ് ഡിമ്ബിൾ ലാവയുമൊത്ത് മദ്യപിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞുവീണു. സഹായിക്കാനെത്തിയ യുവാക്കൾ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് രാജസ്ഥാൻകാരിയെ ഒഴിവാക്കി കൊണ്ടുപോയി. വിവേകിന്റെ പുത്തൻ മഹീന്ദ്ര താർ ജീപ്പിൽ നഗരത്തിൽ കറങ്ങി. യാത്രാമദ്ധ്യേ മാറി മാറി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. അർദ്ധരാത്രി യുവതി താമസിച്ചിരുന്ന കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഓയോ റൂമിന് മുന്നിൽ ഇറക്കിവിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാസർകോട് സ്വദേശിയായ യുവതി ദിവസങ്ങൾക്കു മുമ്ബാണ് ഇവിടെ എത്തിയത്. യുവതി വിവരം കൂട്ടുകാരിയെ വിളിച്ചുപറഞ്ഞു. ഇന്നലെ രാവിലെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൂട്ടുകാരിയാണ് പൊലീസിനെ അറിയിച്ചത്. ഇൻഫോ പാർക്ക് പൊലീസ് മൊഴിയെടുത്തശേഷം യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
യുവാക്കൾ ബാറിൽ നൽകിയ വിലാസങ്ങൾ വ്യാജമായിരുന്നു. രാജസ്ഥാൻകാരിയെ ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ വിവരങ്ങൾ ലഭിച്ചത്. കേസ് സൗത്ത് പൊലീസിന് കൈമാറി. താർ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.