തിരുവല്ല: ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കൊടുമൺ പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്തു. കൊടുമൺ ഇടത്തിട്ട വിഷ്ണുഭവനം വീട്ടിൽ തമ്പിയുടെ മകൻ വിഷ്ണു (26) വിനെയാണ് ഇന്നലെ പിടികൂടി അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. മോഷണം, കഠിന ദേഹോപദ്രവം ഉൾപ്പെടെ കൊടുമൺ പോലീസ് സ്റ്റേഷനിൽ 10 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
ഈവർഷം ജൂൺ 13 ന് രാത്രി കൊടുമൺ ബിവറേജസിന് സമീപം വച്ച് ഇയാളും മറ്റ് രണ്ടുപേരും കൂടി സ്‌ക്വയർ പൈപ്പ് കൊണ്ട് ഒരാളുടെ തല അടിച്ചുപൊട്ടിച്ചതിന് രജിസ്റ്റർ ചെയ്ത കേസ് ആണ് ഒടുവിലത്തേത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ സി ആർ പി സി 107 പ്രകാരം നിയമനടപടി കൊടുമൺ പൊലീസ് കൈക്കൊണ്ടിരുന്നു. അടൂർ എസ് ഡി എം സി മുമ്പാകെ വച്ച ബോണ്ട് നടപടിയിലെ വ്യവസ്ഥ ലംഘിച്ചതിനാൽ, കോടതിയിൽ നിന്നും വാറന്റ് ഉത്തരവ് നേടിയ ശേഷം, അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നിർദേശപ്രകാരം, ഇന്ന് വെളുപ്പിന് കൊടുമണിൽ നിന്നും പിടികൂടുകയാണുണ്ടായത്. പൊലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ മനീഷ്, എസ് സി പി ഓ ശിവപ്രസാദ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, ജിതിൻ, ശരത് എന്നിവരാണ് ഉണ്ടായിരുന്നത്.