കോന്നി: ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളുടേയും ജനങ്ങളുടേയും സഹകരണമുണ്ടാകണമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പ്രമാടം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലമാണ് കോന്നി മണ്ഡലം. അത്തരം നൂലാമാലകളും അപാകതകളും എല്ലാം പരിഹരിച്ച് കുറഞ്ഞ സമയം കൊണ്ട് കോന്നി മണ്ഡലത്തിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കും. കേരളത്തില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് ഡിജിറ്റല്‍ സര്‍വേ പൂര്‍ണമാകുന്നതോടെ അവസാനമാകുന്നത്. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം നേടാന്‍ ജനങ്ങളും സര്‍ക്കാരിനൊപ്പം കൈകോര്‍ക്കണമെന്നും എംഎല്‍എ പറഞ്ഞു.
ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, ജനങ്ങളും തമ്മിലുള്ള ഏകോപനമാണ് ഡിജിറ്റല്‍ സര്‍വേ സെമിനാറിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പരാതിരഹിതവും സുതാര്യവും, ജനകീയവുമായി സര്‍വേ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ വാഹകര്‍ റവന്യു, സര്‍വേ വകുപ്പുകള്‍ മാത്രമല്ല തദ്ദേശ സ്വയംഭരണ വകുപ്പ് കൂടിയാണ്. റവന്യു, സര്‍വേ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ ഏകീകരിച്ച് ഒറ്റ കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള പരിശ്രമം നടന്നു വരുകയാണ്. അടുത്ത ഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍വേയില്‍ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.
അടൂര്‍ ഹെഡ് സര്‍വേയര്‍ ജിജു തോമസ് വിഷയാവതരണം നടത്തി. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീത്, പത്തനംതിട്ട സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രഭാമണി, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരുടേയും
സഹകരണമുണ്ടാകണം: അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ
Advertisements