കോട്ടയം: കുട്ടികളുടെ കളിസ്ഥലമാണോ അതോ പാമ്പ് വളർത്തൽ കേന്ദ്രമാണോ..? കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള നെഹ്‌റു പാർക്കിൽ എത്തുന്ന മാതാപിതാക്കൾ അൽപം ഒന്നു സംശയിച്ചു നോക്കി നിന്നാണ് അവരെ കുറ്റം പറയാനാവില്ല. കോട്ടയം നഗരത്തിൽ കുട്ടികൾക്കു കളിക്കാനും വിശ്രമിക്കാനുമുള്ള ഏക കളിസ്ഥലമാണ് കാട് കയറി ചെളി പിടിച്ച് നശിക്കുന്നത്. കോട്ടയം ശാസ്ത്രി റോഡിനു സമീപത്തെ നെഹ്‌റു പാർക്കിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് എത്തുന്നത്.
ഒരു കോടി രൂപ മുടക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ചാണ് പാർക്കിന്റെ നവീകരണം നടത്തിയത്. തുടർന്ന്, പാർക്കിൽ വിവിധ റൈഡുകൾ അടക്കം ക്രമീകരിച്ചിരുന്നു. എന്നാൽ, ഈ പാർക്കിലെ റൈഡുകൾ പലതും തുരുമ്പടിച്ച് നശിക്കുന്ന അവസ്ഥയാണ്. ഇത്തരത്തിൽ പാർക്ക് നശിക്കുന്ന സാഹചര്യമുണ്ടായിട്ടും നഗരസഭ അധികൃതർ ഇവിടേയ്ക്ക് തിരിഞ്ഞ് പോലും നോക്കാറില്ല. ഇവിടെ എത്തുന്ന കുട്ടികൾക്ക് അപകടം ഉണ്ടാകുന്ന സാഹചര്യം പോലും ഇവിടെയുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി നഗരസഭ അധികൃതർ വിഷയത്തിൽ ഇടപെട്ട് കുട്ടികളുടെ പാർക്കിലെ കാട് വെട്ടിത്തെളിക്കണമെന്നും ഉപകരണങ്ങളുടെ അറ്റകുറ്റപണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.