കോട്ടയം : 2022-23 സാമ്പത്തിക വർഷത്തിന്റെ ജൂൺ 30ന് അവസാനിച്ച ഒന്നാം പാദത്തിൽ 5978 കോടി രൂപ വിവിധ ബാങ്കുകൾ കോട്ടയം ജില്ലയിൽ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം അറിയിച്ചു. 1899 കോടി രൂപ കാർഷിക മേഖലയ്ക്കും 1534 കോടി രൂപ സൂക്ഷ്മ, ചെറുകിട,ഇടത്തരം വ്യവസായ മേഖലയ്ക്കും, 251 കോടി രൂപ വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റു മുൻഗണന മേഖലക്കും വിതരണംചെയ്തു. വ്യക്തിഗത വായ്പ, വാഹന വായ്പ എന്നിവ അടങ്ങുന്ന മുൻഗണന ഇതര വിഭാഗത്തിൽ 2294 കോടി രൂപയും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ 3684 കോടി രൂപ മുൻഗണനാ വിഭാഗത്തിൽ ആണെന്ന് എസ് ബി ഐ കോട്ടയം ഡെപ്യൂട്ടി ജനറൽ മാനേജർ ജെ. ശിവകുമാർ അറിയിച്ചു.
കോട്ടയം ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പ നീക്കിയിരിപ്പ് 29586 കോടിയും, നിക്ഷേപ നീക്കിയിരിപ്പ് 57123 കോടിയുമാണ്. ജില്ലാ സബ് കളക്ടർ രാജീവ് കുമാർ ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം എംപി തോമസ് ചാഴികാടൻ മുഖ്യ അതിഥി ആയിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ആവിഷ്കരിച്ചിരിക്കുന്ന വിവിധ വായ്പ സാമൂഹ്യ ക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ഉപഭോക്താകളിലേക്ക് സമയബന്ധിതമായി എത്തിച്ചേരുന്നു എന്ന് ബാങ്കുകൾ ഉറപ്പ് വരുത്തണമെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലീഡ് ഡിസ്ട്രിക്ട് മാനേജർ അലക്സ് മണ്ണൂരാൻപറമ്പിൽ, ആർബിഐ എൽ.ഡി.ഓ എ.കെ.കാർത്തിക്, ഡി.ഐ.സി ജനറൽ മാനേജർ ലൗലി. എം. വി, നമ്പാർഡ് ഡി ഡി എം റെജി വർഗീസ്, ആർസെറ്റി ഡയറക്ടർ സുനിൽ ദത്ത് എന്നിവർ ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു.