കോട്ടയം: വഴിത്തർക്കത്തിലെ വിധി നടത്തിയെടുക്കുന്നതിനായി വ്യാജ ഒപ്പിടുകയും, പ്രതിയുടെ വ്യാജ വിലാസത്തിൽ നോട്ടീസ് അയക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു ഏറ്റുമാനൂർ പൊലീസ്. കോട്ടയം മാന്നാനം മണ്ണൂശേരിൽ വീട്ടിൽ തോമസ് സേവ്യർ സമർപ്പിച്ച സി.എം.പിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിന്റെ നിർദേശാനുസരണമാണ് ഏറ്റുമാനൂർ പൊലീസ് കേസെടുത്തിരക്കുന്നത്. അതിരമ്പുഴ മാന്നാനം മണ്ണൂശേരിൽ വീട്ടിൽ തോമസ് വർക്കി, ജോസ് ജോർജ്, എം.വി ജോർജ് എന്നിവർക്കെതിരെയാണ് വ്യാജ ഒപ്പിട്ടതിനും വ്യാജ മേൽവിലാസം ചമച്ചതിനും കേസെടുത്തിരിക്കുന്നത്.
മാന്നാനം മണ്ണൂശേരിൽ വീട്ടിൽ തോമസ് സേവ്യറിനെ പ്രതിയാക്കി ഏറ്റുമാനൂർ മുൻസിഫ് കോടതിയിൽ വഴിത്തർക്കം നിലവിലുണ്ടായിരുന്നു. ഈ കേസിന്റെ വിധി നടത്തിയെടുക്കുന്നതിനായി വ്യാജ രേഖ ചമയ്ക്കുകയും, ഹർജിക്കാരുടെ വ്യാജ ഒപ്പിടുകയും ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കേസിലെ പ്രതികൾ ഹർജക്കാരനായ തോമസ് സേവ്യറിന്റെ വ്യാജ മേൽവിലാസത്തിൽ നോട്ടീസ് നൽകുകയും, സ്ഥലത്തില്ലാത്ത ആളുകളുടെ പേരിൽ വ്യാജ ഒപ്പിടുകയും ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. കോതനല്ലൂർ മഞ്ഞപ്പള്ളി തൊട്ടിയിൽ റോസമ്മ എബ്രഹാം, മധ്യപ്രദേശിലെ ലിറ്റിൽ ഫ്‌ളവർ കോൺവെന്റിൽ താമസിക്കുന്ന മാന്നാനം മണ്ണൂശേരി സിസ്റ്റർ മേഴ്‌സി ജോർജ്, ലണ്ടനിൽ വർഷങ്ങളായി താമസിക്കുന്ന അതിരമ്പുഴ കുറുപ്പം തുണ്ടത്തിൽ ബിൻസി മോൾ ഫിലിപ്പ് എന്നിവരുടെ വ്യാജ ഒപ്പിട്ട് വിധി നടത്തു ഹർജി ഫയൽ ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. കോടതി ജീവനക്കാരുടെ സഹായവും പ്രതികൾക്ക് ലഭിച്ചതായും സംശയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022 ഡിസംബർ 20 ന് വിധി നടത്താൻ സ്ഥലത്ത് എത്തിയപ്പോഴാണ് പ്രതി വിധി തനിക്ക് എതിരാണ് എന്ന് അറിഞ്ഞത്. തുടർന്നാണ് കോടതിയെ സമീപിച്ചത്. ഇതോടെയാണ് തന്റെ വ്യാജ വിലാസവും വ്യാജ രേഖയും ചമച്ചാണ് വ്യാജ വിധി സമ്പാദിച്ചതെന്നു കണ്ടെത്തിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയ്ക്കും, ഏറ്റുമാനൂർ പൊലീസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് അഡ്വ.വിവേക് മാത്യു വർക്കി മുഖേന ഇദ്ദേഹം ഏറ്റുമാനൂർ കോടതിയിൽ സിഎംപി ഫയൽ ചെയ്തത്. ഇതിലാണ് ഇപ്പോൾ കോടതി കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.