കോട്ടയം : എംസി റോഡിൽ മറിയപ്പള്ളിയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് കാറിലും ബൈക്കിലും ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ജില്ല ജനറൽ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളം കോളേജ് വിദ്യാർത്ഥികളായ അരുൺ , റാം എന്നിവരെയാണ് പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എംസി റോഡിൽ മറിയപ്പള്ളിയിൽ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും എത്തിയ സൂപ്പർഫാസ്റ്റ് എതിർ ദിശയിൽ നിന്നും എത്തിയ കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ വീണു കിടന്ന ബൈക്ക് യാത്രക്കാരായ യുവാക്കളെ പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ ചേർന്നാണ് കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസവും ഉണ്ടായി.