കോട്ടയം: കറുകച്ചാലിൽ പെയിന്റിംങ് ജോലിയ്ക്കിടെ അഞ്ചു പേർക്ക് മിന്നലേറ്റു. മിന്നലേറ്റ പത്തനാട് സ്വദേശിയ്ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാട് സ്വദേശി മണിക്കുട്ടനാ(48)ണ് മരിച്ചത്. പരിക്കേറ്റ പത്തനാട് സ്വദേശി സുനീഷിനെ (37) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.45 ഓടെ നെടുങ്കുന്നം ഭാഗത്തായിരുന്നു സംഭവം. പ്രദേശത്തെ വീട്ടിലെ പെയിന്റിങ് ജോലികൾക്കായി എത്തിയതായിരുന്നു അഞ്ചംഗ സംഘം. പെയിന്റിംങ് പൂർത്തിയാക്കിയ ശേഷം പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ഇവർക്ക് മിന്നലേൽക്കുകയായിരുന്നു. മിന്നലേറ്റ് അഞ്ചു പേരും നിലത്ത് വീണു. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കുട്ടൻ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനീഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്കു മാറ്റി. മിന്നലേറ്റെങ്കിലും മറ്റ് മൂന്നുപേരുടെയും നില ഗുരുതരമല്ല. മണിക്കുട്ടന്റെ മൃതദേഹം കറുകച്ചാൽ മേഴ്‌സി ആശുപത്രി മോർച്ചറിയിൽ.