കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. കോട്ടയം കാണക്കാരി കണിയാംപറമ്പിൽ വീട്ടിൽ സുജേഷ് (കുഞ്ഞാവ- 25), ഏറ്റുമാനൂർ പേരൂർ കരിയാറ്റുപുഴ ഭാഗത്ത് ഒഴുകയിൽ വീട്ടിൽ മറ എന്ന് വിളിക്കുന്ന വിഷ്ണു അനിൽ (25) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ഒരു വർഷത്തേക്കാണ് നാടുകടത്തിയത്. സുജേഷ് ഏറ്റുമാനൂർ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, കവർച്ച, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വിഷ്ണു അനിൽ ഏറ്റുമാനൂർ, ഗാന്ധിനഗർ, ചങ്ങനാശ്ശേരി, വൈക്കം, പാല എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, തട്ടിക്കൊണ്ടു പോകൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.