കോട്ടയം: പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ റോഡിലേയ്ക്ക് വലിച്ചിട്ട് ആക്രമിയ്ക്കാൻ ശ്രമിച്ച് ഇതരസംസ്ഥാന തൊഴിലാളിയുടെ അക്രമം. ലഹരിയ്ക്കടിമപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയാണ് പട്ടാപ്പകൽ നടുറോഡിൽ പെൺകുട്ടിയ്ക്ക് നേരെ ആക്രമണം നടത്തിയത്. കോട്ടയം പൂവൻതുരുത്തിൽ വ്യവസായ ഏരിയയ്ക്ക് സമീപമാണ് ഇതര സംസ്ഥാന തൊഴിലാളി പട്ടാപ്പകൽ അക്രമം നടത്തിയത്. അക്രമിയെ നാട്ടുകാർ ചേർന്നു പിടികൂടിയ ശേഷം കോട്ടയം ഈസ്റ്റ് പൊലീസിന് കൈമാറി. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ കോട്ടയം പൂവൻതുരുത്ത് വ്യവസായ മേഖലയിൽ കമ്പനിയ്ക്കു സമീപമായിരുന്നു സംഭവം. പ്രദേശവാസിയായ പിതാവും മകളും ബൈക്കിൽ വീട്ടിലേയ്ക്കു പോകുകയായിരുന്നു. ഇതിനിടെ ഇടവഴിയിൽ നിന്നും ഇറങ്ങിയത്തിയ ഇതര സം്സ്ഥാന തൊഴിലാളി സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയുടെ കഴുത്തിന് പിടിച്ച് വലിച്ച് റോഡിലേയ്ക്ക് ഇടുകയായിരുന്നു. കുട്ടിയെ പിടിച്ച് വലിച്ചതോടെ പിതാവും റോഡിലേയ്ക്ക് ബൈക്കുമായി മറിഞ്ഞു വീണു. കുട്ടിയെ ഇടവഴിയിലേയ്ക്കു വലിച്ചിഴച്ചുകൊണ്ടു പോകാനാണ് ഇതരസംസ്ഥാന തൊഴിലാളി ശ്രമിച്ചത്. ഇത് കണ്ട് കുട്ടിയുടെ പിതാവ് ഓടിയെത്തി കുട്ടിയെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും പിതാവിനെ ആക്രമിക്കുകയും, കുട്ടിയെ വലിച്ചിഴച്ചു കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് പ്രതിയെ കീഴ്‌പ്പെടുത്തി കുട്ടിയെ രക്ഷിച്ചു. തുടർന്ന്, നാട്ടുകാർ ഇയാളെ പിടിച്ചു വച്ചു. പിന്നീട്, കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന്, ഇയാളെ ചികിത്സയ്ക്കായി ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിന് ഇരയായ കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കും.