കോട്ടയം: നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തല്ലിയതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം. കോട്ടയം നഗരത്തിൽ സർവീസ് നടത്തുന്ന ഒട്ടു മിക്ക സ്വകാര്യ ബസുകളിലെയും കണ്ടക്ടർമാർക്ക് ലൈസൻസില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന കാരവാൻ, പാലാ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ആന്റണീസ് എന്നീ ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. ഇതിന് പിന്നാലെ കാരവാൻ ബസ് ജീവനക്കാർ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന്, പൊലീസ് സംഘം ഈ രണ്ടു ബസുകളിലെയും ജീവനക്കാരെയും കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിച്ചു വരുത്തി. തുടർന്ന്, നടത്തിയ പരിശോധനയിലാണ് സെന്റ് ആന്റണീസ് ബസിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലി ചെയ്യുന്ന നാല് കണ്ടക്ടർമാർക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയത്. തുടർന്ന്, ലൈസൻസില്ലാതെ സർവീസ് നടത്തിയ കണ്ടക്ടർമാർക്ക് എതിരെ പൊലീസ് കേസെടുത്തു. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരുടെ ലൈസൻസ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പൊലീസ് നീക്കം.