കോട്ടയം : മര്യാദയും, സ്നേഹവും ഉള്ളവരുടെ നാടാണ് കോട്ടയം എന്ന് സ്ഥാനമൊഴിയുന്ന ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്. രണ്ടുവർഷവും, ഒരു മാസവും പോലീസ് മേധാവി സ്ഥാനത്ത് തുടർന്ന ശേഷം സ്ഥലം മാറി പോകുമ്പോൾ വെല്ലുവിളി നിറഞ്ഞ നിരവധി സംഭവങ്ങളിൽ കാര്യക്ഷമതയോടെ ഇടപെടാൻ കഴിഞ്ഞു എന്ന് ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്തുള്ളവർ സ്നേഹവും, മര്യാദ ഉള്ളവരും ആണെന്ന് രണ്ടുവർഷവും ഒരു മാസവുമാണ് കോട്ടയം ജില്ലയുടെ പോലീസ് മേധാവിയായി ചുമതല വഹിച്ചിരുന്ന കാലം കൊണ്ട് മനസിലായതായി കെ. കാർത്തിക് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതി സങ്കീർണമായ ക്രമസമാധാന പ്രശ്നങ്ങൾ അതുകൊണ്ട് തന്നെ നേരിട്ടില്ല. ഇത് പോലീസ് സേനയ്ക്കും ഏറെ സഹായകമായി. എന്നാൽ വെല്ലുവിളി നിറഞ്ഞ ഒട്ടേറെ വിഷയങ്ങളിൽ കഴിഞ്ഞ രണ്ടു വർഷം കൊണ്ട് കാര്യക്ഷമമായി ഇടപെടാൻ കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്രയും, സംസ്കാരവുമായിരുന്നു ജില്ലയിൽ പോലീസ് സംവിധാനം ഒന്നാകെ ഏറെ കാര്യക്ഷമതയോടെ ഇടപെട്ട ഒരു സംഭവം. ഇതോടൊപ്പം കുമരകത്ത് നടന്ന ജി- ട്വന്റി ഉച്ചകോടിയിലെ പോലീസ് ക്രമീകരണം കുറ്റമറ്റതാക്കാൻ അശാന്ത പരിശ്രമമാണ് നടന്നത്. ഈ സമയം തന്നെ വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷങ്ങളും നടന്നിരുന്നതിനാൽ വെല്ലുവിളിയായിരുന്നു. പോലീസിൻ്റെ പരിശീലന കാലത്ത് ലഭിക്കുന്ന അറിവുകൾ അല്ല പ്രായോഗിക നയസമീപനത്തോടു കൂടിയുള്ള ഇടപെടലുകളോടെയണ് ഈ വിഷയങ്ങളെല്ലാം സമീപിച്ചതെന്നും എന്നും അദ്ദേഹം പറഞ്ഞു.
ലഹരി സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു. ഇതോടൊപ്പം മോഷണങ്ങൾ തടയാൻ തമിഴ്നാട്ടിൽ അടക്കം എത്തി പരിശോധന നടത്തിയതും ഏറെ വെല്ലുവിളിയോടെ ഏറ്റെടുത്ത നടപടികളായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോട്ടയത്ത് ചുമതല വഹിച്ചിരുന്ന നാളുകൾ കൊണ്ട് നിരവധി ആളുകളുമായി വ്യക്തി ബന്ധം പുലർത്തുവാൻ സാധിച്ചിട്ടുണ്ട്. ഈ സുഹൃദം ഇനിയെന്നും തുടരണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മുഖാമുഖം പരിപാടിയിൽ കോട്ടയം പ്രസ് ക്ലബ് പ്രസിഡൻ്റ് അനീഷ് കുര്യൻ, സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു. വിജിലൻസ് ഹെഡ് ക്വാർട്ടേഴ്സ് എസ് പി യാണ് കെ. കാർത്തിക് ഇനി ചുമതല ഏൽക്കുക.