കോട്ടയം : രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ചു നാഗമ്പടം മൈതനാത്ത് നടക്കുന്ന പ്രദർശന വിപണനമേളയിൽ കുടുംബശ്രീ കഫേ ഫുഡ്‌കോർട്ടിലാണ് വനസുന്ദരി കാടിറങ്ങിയത്.
വനസുന്ദരി ചിക്കൻ ആണ് കഫേ കുടുംബശ്രീ കോർട്ടിലെ മിന്നുംതാരം. അട്ടപ്പാടി ആദിവാസി ഊരിലെ കുടുംബശ്രീ അംഗങ്ങളായ റാണി, വള്ളി, പാപ്പ, എന്നിവരാണ് വനസുന്ദരി ചിക്കൻ തയ്യാറാകുന്നത്.പച്ചകുരുമുളകും, കാന്താരിയും, മല്ലിയും, പുതിനയും, കാട്ടുജീരകവും, ചില പച്ചിലകളും ചേർത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കൻ ചേർത്ത് കല്ലിൽ വെച്ച് പൊള്ളിച്ച് ചതച്ചെടുത്താൽ വനസുന്ദരി തയ്യാർ.വനസുന്ദരിക്കൊപ്പം ദോശയും, സവാളയും തക്കാളിയും ഉണക്കമുളകും എണ്ണയിൽ വാട്ടിയെടുത്ത് അരച്ചെടുത്ത ചമ്മന്തിയും, സലാഡും, ഔഷധ കൂട്ടിന്റെ ഊരുകാപ്പിയും ആണുള്ളത്. 200 രൂപയാണ് ഒരു പ്ലേറ്റിനു. അട്ടപ്പാടിയിലെ നാട്ടുചെടികളിൽ നിന്നും പറിച്ചെടുത്ത് തയ്യാറാക്കിയത് കൊണ്ട് തന്നെ സ്നേഹം മണക്കുന്ന കാട്ടുരുചിയും ഒപ്പം ഏറെ ഔഷധസമ്പത്തും ലഭിക്കും. മായം ചേർക്കാത്ത തനത് രുചിയായതുകൊണ്ട് തന്നെ വനസുന്ദരിക്കാണ് ആളുകളേറെ കഫെയിലേക്ക് എത്തുന്നത്.