എം.പി എത്തുംമുമ്പ് യോഗ ഹാൾ താഴിട്ടു പൂട്ടി – സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ്

ഭരണങ്ങാനം :
പഞ്ചായത്തിലെ പ്രവിത്താനം അംഗനവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സമ്മേളനം നടത്തുവാൻ നിശ്ചയിച്ചിരുന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം താഴിട്ട് പൂട്ടിയതായി പരാതി. ഞായറാഴ്ച രാവിലെ 10.30ന് തോമസ് ചാഴി കാടൻ എംപി ഉദ്ഘാടകനും , പഞ്ചായത്ത് പ്രസിഡൻറ് മുഖ്യപ്രഭാഷകയും ജില്ലാ പഞ്ചായത്ത് അംഗം അധ്യക്ഷനും മറ്റു ജനപ്രതിനിധികൾ ആശംസകരുമായുണ്ടായിരുന്ന അംഗനവാടിയോട് ചേർന്ന കമ്മ്യൂണിറ്റി ഹാളാണ് അധികൃതർ തുറന്ന് നൽകാതിരുന്നത്. അതേ തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ താൽക്കാലിക പന്തൽ നിർമ്മിച്ചാണ് 12 മണിയോടുകൂടി ഉദ്ഘാടന സമ്മേളനം നടത്തിയത്. ജില്ലാ പഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയും സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് അനുവദിച്ച രണ്ട് ലക്ഷം രൂപയും ഭരണങ്ങാനം പഞ്ചായത്തിന്റെ 25,000 രൂപയും ഉൾപ്പെടെ 12.25 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. എംപിയും മറ്റു ജനപ്രതിനിധികളും പങ്കെടുക്കേണ്ട സമ്മേളന ഹാൾ തുറന്നു കൊടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ഗുരുതരമായ അവകാശലംഘനമാണെന്ന് എൽഡിഎഫ് ആരോപിച്ചു. ഏതാനും ചില ഭരണകക്ഷി അംഗങ്ങളുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്ന സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകിയതായി എൽഡിഎഫ് നേതാക്കളായ സിഎം സിറിയക് ചന്ദ്രൻ കുന്നേൽ,ആനന്ദ് മാത്യു ചെറുവള്ളി ,ടോമി മാത്യു ഉപ്പിടുപാറ, റ്റി ആർ ശിവദാസ് എന്നിവർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതികൾക്ക് ഭരണങ്ങാനം പഞ്ചായത്ത് ഭരണസമിതി നിരന്തരം തടസ്സം സൃഷ്ടിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ആരോപിച്ചു. ഭരണങ്ങാനം, കടനാട്, മീനച്ചിൽ, കരൂർ എന്നീ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ . ഇവിടെ പൊതുവായി അനുവദിക്കുന്ന പ്രോജക്ടുകൾക്ക് മറ്റ് മൂന്ന് സെക്രട്ടറിമാരും അംഗീകാരം നൽകിയിട്ടും ഭരണങ്ങാനം പഞ്ചായത്ത് സെക്രട്ടറി അനുമതി വെച്ച് താമസിപ്പിക്കുകയാണ്. ഇത് മറ്റു പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെ കൂടി പ്രതികൂലമായി ബാധിക്കുകയാണ്. ഇതിനെതിരെ അധികാരികൾക്ക് പരാതി നൽകും . അംഗനവാടിയുടെ ഉദ്ഘാടനം മുൻകൂട്ടി തീരുമാനിച്ചിരുന്നതും പഞ്ചായത്ത് പ്രസിഡന്റിന്റെ അനുവാദം ഇക്കാര്യത്തിൽ വാങ്ങിയിരുന്നതുമാണ്. ഇതിനുശേഷമാണ് യുഡിഎഫിലെ തന്നെ ചിലർ മറ്റൊരു ഉദ്ഘാടനവുമായി ഇറങ്ങിത്തിരിച്ചത്. ഇത്തരത്തിലുള്ള നാടകങ്ങൾ ഇക്കൂട്ടർ ഇതിനുമുമ്പും ഇവിടെ നടത്തിയിട്ടുള്ളതാണെന്നും രാജേഷ് പറഞ്ഞു. അതേസമയം, ഞായറാഴ്ച അംഗനവാടിയുടെ ഉദ്ഘാടനം നടക്കുന്നതിന് മുമ്പ് തന്നെ കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് കമ്മിറ്റിക്ക് നോട്ടീസ് നൽകിയത് ഇത് മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായിരുന്നു എന്നതിന് തെളിവാണെന്നും ഇതിനെതിരെ എൽഡിഎഫിലെ നാല് അംഗങ്ങളും വിയോജനക്കുറിപ്പ് എഴുതി നൽകിയിട്ടുള്ളതായും പഞ്ചായത്ത് അംഗങ്ങളായ ജെസ്സി ജോസ് , അനുമോൾ മാത്യു, ജോസുകുട്ടി അമ്പലമറ്റം, സുധാ ഷാജി എന്നിവർ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ജനപ്രതിനിധികൾക്കും 400 ഓളം വരുന്ന നാട്ടുകാർക്കും നിജസ്ഥിതി പൂർണ്ണമായും ബോധ്യപ്പെട്ടിട്ടുണ്ട് . അതിന്റെ ജാള്യത മറയ്ക്കുവാനാണ് യുഡിഎഫ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അവർ പറഞ്ഞു

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.