കോട്ടയം: നഗരമധ്യത്തിൽ രാജധാനി ഹോട്ടലിൽ നിന്നും കോൺക്രീറ്റ് പാളി വീണ് കാൽനടയാത്രക്കാരൻ മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കോട്ടയം നഗരസഭയുടെ അശ്രദ്ധയ്ക്ക് തെല്ലും കുറവില്ല. തിരുനക്കര ബസ് സ്റ്റാൻഡ് പ്രവർത്തിച്ചിരുന്ന കോട്ടയം നഗരസഭയുടെ ഷോപ്പിംങ് കോംപ്ലക്സ് കെട്ടിടം പൊളിക്കാൻ ആരംഭിച്ചതോടെ ഇവിടെ നടക്കുന്നത് നഗ്നമായ നിയമ ലംഘനം. പട്ടാപ്പകൽ പോലും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് കെട്ടിടം പൊളിക്കുന്നത്. വിദ്യാർത്ഥികൾ അടക്കമുള്ള നൂറുകണക്കിന് ആളുകൾ കടന്നു പോകുന്ന നഗരമധ്യത്തിലാണ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി, യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളുമില്ലാതെ കെട്ടിടം പൊളിക്കുന്നത്.
പൊളിക്കുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ റോഡിലേയ്ക്ക് വീഴാതിരിക്കാൻ നെറ്റ് കെട്ടി മറയ്ക്കണമെന്നാണ ചട്ടം. എന്നാൽ, ഫുട്പാത്തിൽ വലിച്ച് കെട്ടിയിരിക്കുന്ന കമ്പികൾ മാത്രമാണ് ഇവിടെ തട തീർക്കുന്നത്. ഈ കമ്പിവേലിയ്ക്കുള്ളിലൂടെ ആളുകൾ കടന്നു പോകുന്നത് പതിവ് കാഴ്ചയാണ്. കെട്ടിടത്തിനുള്ളിലെ സാധന സാമഗ്രികൾ കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്തിരുന്നു. ഈ സാധനങ്ങൾ നീക്കം ചെയ്തപ്പോഴും കാര്യമായ സുരക്ഷാ മുന്നൊരുക്കങ്ങളോ, മറയ്ക്കലോ ഉണ്ടായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊളിച്ചു തുടങ്ങിയ കെട്ടിടത്തിനുള്ളിലാണ് രാത്രിയിൽ നഗരത്തിൽ അലഞ്ഞു തിരിയുന്നവർ കിടക്കുന്നത്. അപകടാവസ്ഥയിലാണെന്നും ബലക്ഷയമാണ് എന്നും കണ്ടെത്തി പൊളിക്കാൻ തീരുമാനിച്ച കെട്ടിടത്തിന് അടിയിൽ പത്തോളം പേരാണ് രാത്രിയിൽ കിടക്കുന്നത്. ഇതൊന്നും പരിശോധിക്കാതെയാണ് കോട്ടയം നഗരസഭ ഈ കെട്ടിടം പൊളിക്കാൻ അനുവാദം കൊടുത്തിരിക്കുന്നത്. നിരവധി വ്യവസ്ഥകൾ അടക്കം കരാർ നൽകിയപ്പോൾ നഗരസഭ മുന്നോട്ടു വച്ചിരുന്നു. എന്നാൽ, ഈ കരാറിലെ വ്യവസ്ഥകളൊന്നും പാലിക്കാതെയാണ് ഇപ്പോൾ കെട്ടിടം പൊളിക്കുന്നത്. അപകടം ഒഴിവാക്കാൻ സുരക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.