കോട്ടയം – ചങ്ങനാശേരി , കോട്ടയം – ഞാലിയാകുഴി , കോട്ടയം – കുമരകം എന്നീ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന മൂഴിപ്പാറ ട്രാവൽസിന്റെ ഏഴ് ബസുകളാണ് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ഇന്നത്തെ ഓട്ടം മാറ്റിവച്ചത്. ദുരന്ത ഭൂമിയിലെ ഉള്ളുലയ്ക്കുന്ന കാഴ്ചകൾ കണ്ട ബസുടമയായ കൊച്ചുമോൻ ,മൂഴിപ്പാറ ജീവനക്കാരുടെ മുൻപിൽ ഈ ആശയം അവതരിപ്പിക്കുകയായിരുന്നു. പൂർണ മനസോടെ സമ്മതമറിയിച്ച ബസുകളിലെ 14 ജീവനക്കാരും തങ്ങളുടെ ഇന്നത്തെ ശമ്പളം വേണ്ടെന്നു വച്ച് ഉടമയുടെ നിർദേശം സ്വീകരിച്ചു. ടിക്കറ്റ് ഒഴിവാക്കി പ്രത്യേക കളക്ഷൻ ബക്കറ്റുകളിലാണ് ഇന്ന് ബസുകളിൽ യാത്ര ചെയ്യുന്നവർ നൽകുന്ന തുക സ്വീകരിക്കുന്നത് . ഇന്നലെ രാത്രിയിൽ തന്നെ മുഴുവൻ ജീവനക്കാരും ഉടമയും ചേർന്ന് ഏഴ് ബസുകളുടെയും മുൻപിൽ ബാനറുകളെല്ലാം കെട്ടി ഇന്നത്തെ ഓട്ടത്തിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി . വയനാടിനൊരു കൈത്താങ്ങ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ യാത്രയിലൂടെ ലഭിക്കുന്നതുക കോട്ടയം ജില്ലാ കളക്ടർക്കു കൈമാറും.