കോട്ടയം : നഗരമധ്യത്തിലെ ചെല്ലിയൊഴുക്കം റോഡിലെ ആനക്കുഴി മൂടാൻ വാട്ടർ അതോറിറ്റിയ്ക്ക് കത്ത് നൽകി കോട്ടയം നഗരസഭ അധ്യക്ഷ. കോട്ടയം നഗരസഭയുടെ അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയാണ് അപകടകരമായ രീതിയിൽ ഗർത്തമായി മാറിയത്. കോട്ടയം ഡിസി ബുക്സിന് സമീപത്തു നിന്നുമുള്ള ചെല്ലിയൊഴുക്കം റോഡാണ് ഇന്നലത്തെ മഴയിൽ വീണ്ടും വെള്ളം കുത്തിയൊലിച്ച് തകർന്ന് തരിപ്പണമായ ത്. കോട്ടയം നഗരസഭയുടെ അമൃത് പദ്ധതിയ്ക്കായി എടുത്ത ട്രഞ്ചിൻ്റെ അതേ നീളത്തിൽ അഞ്ച് അടിയോളം ആഴത്തിൽ തന്നെയാണ് ഇരുന്നൂറ് മീറ്ററോളം ദൂരത്തിൽ തകർന്നത്. പൈപ്പ് തെളിഞ്ഞ് കാണും വിധം ആഴത്തിൽ തന്നെ കുഴിയായി റോഡ് ഇപ്പോൾ മാറിയിരുന്നു. ഈ കുഴി അപകടാവസ്ഥയിൽ ആയത് സംബന്ധിച്ച് ജാഗ്രത ന്യൂസ് ലൈവ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തിൽ ഇടപെട്ട കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ കുഴി അടിയന്തരമായി മൂടാനും സുരക്ഷ ഉറപ്പാക്കാനും , വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയത്.
രാത്രികാലങ്ങളിൽ വാഹനങ്ങളിൽ ഇതിലൂടെ ആരും യാത്ര ചെയ്യരുതേ എന്നാണ് പ്രദേശവാസികളുടെയും അഭ്യർത്ഥന. ചെല്ലിയൊഴുക്കം റോഡിൽ ജൽജീവൻ പദ്ധതിക്കായി രണ്ട് മാസം മുമ്പ് പൈപ്പ് ഇട്ട ശേഷം മൂടിയിരുന്നു. ഇതിന് ശേഷം മുകളിലെ മണ്ണ് മാന്തി മാറ്റി മെറ്റൽ ഇട്ടു. തുടർന്ന് മെയ് 22-ന് പെയ്ത മഴയിൽ ഈ മെറ്റൽ ഇളകി കുഴി രൂപപ്പെട്ടിരുന്നു. പിന്നാലെ കുഴികൾ അടച്ച് അപകട ഭീഷണി ഒഴിവാക്കിയെങ്കിലും ഇന്നലെ പെയ്ത മഴയിൽ വീണ്ടും അതിലേറെ പാത തകരുകയായിരുന്നു.